ബസ് കണ്ടക്ടറുടെ നായിക നമിത
ബസ് കണ്ടക്ടറുടെ നായിക നമിത
സപ്തംബര്‍ 22, 2005
വി.എം.വിനു സംവിധാനം ചെയ്യുന്ന ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി തമിഴിലെ ഗ്ലാമര്‍നടി നമിത വേഷമിടുന്നു. നമിത മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യചിത്രമാണിത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ കുഞ്ചാക്ക എന്ന ബസ് കണ്ടക്ടറുമായി പ്രണയത്തിലാവുന്ന ഒരു മോഡേണ്‍ പെണ്‍കുട്ടിയായാണ് നമിത ഈ ചിത്രത്തില്‍ വേഷമിടുന്നത്. തമിഴില്‍ ഗ്ലാമര്‍പ്രദര്‍ശനത്തിലൂടെ തിരക്കേറിയ താരമായി മാറിയ നടിയാണ് നമിത.
തന്റെ ചിത്രങ്ങളില്‍ നായികയായി അന്യഭാഷാ നടിമാര്‍ക്ക് മുന്‍ഗണന നല്‍കുന്ന പതിവ് മമ്മൂട്ടി ഈ ചിത്രത്തിലും തുടരുകയാണ്. തസ്കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ പതിവുതെറ്റിച്ച് മലയാളിയായ നയന്‍താരയെയാണ് നായികയാക്കിയതെങ്കിലും ചിത്രീകരണം പൂര്‍ത്തിയായ രാജമാണിക്യത്തില്‍ അന്യഭാഷാനടി പത്മപ്രിയയാണ് നായികയായത്. ഇപ്പോള്‍ പുതിയ ചിത്രത്തിലും അന്യഭാഷാനായിക തന്നെ.
ബസ് കണ്ടക്ടറിന്റെ ചിത്രീകരണം സപ്തംബര്‍ 20ന് പാലക്കാട് തുടങ്ങി. സൂപ്പര്‍ഹിറ്റ് ചിത്രം വേഷത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടി.എ.റസാക്കാണ് തിരക്കഥയെഴുതുന്നത്. വേഷത്തിനും മറ്റൊരു ഹിറ്റ് ചിത്രം രാപ്പകലിനും തിരക്കഥ രചിച്ചത് റസാക്കാണ്.
ജയസൂര്യ, ഇന്നസെന്റ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ക്രിസ്തുമസ് ചിത്രമെന്ന നിലയിലായിരിക്കും ബസ് കണ്ടക്ടര്‍ പ്രദര്‍ശനത്തിനെത്തുന്നത്.


Click it and Unblock the Notifications