തിരക്കില്‍ മുന്നില്‍ സൂപ്പര്‍താരങ്ങള്‍

By Staff

തിരക്കില്‍ മുന്നില്‍ സൂപ്പര്‍താരങ്ങള്‍
സപ്തംബര്‍ 22, 2004

ഒരേ സമയം മോഹന്‍ലാല്‍ അഭിനയിക്കുന്നത് മൂന്ന് ചിത്രങ്ങളില്‍. മമ്മൂട്ടിയുടെ രണ്ടു സിനിമകളുടെ ചിത്രീകരണം ഒരേ സമയം നടക്കുന്നു. ഒരു വര്‍ഷം ഇരുപതിലേറെ സിനിമകളില്‍ അഭിനയിക്കുന്ന തങ്ങളുടെ പഴയകാലത്തെ അനുസ്മരിപ്പിക്കും വിധം ഇപ്പോള്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ സെറ്റില്‍ നിന്നും സെറ്റിലേക്കുള്ള ഓട്ടത്തിലാണ്.

കഴിഞ്ഞ ഒരു ദശകത്തോളമായി നമ്മുടെ സൂപ്പര്‍താരങ്ങള്‍ ഒരു വര്‍ഷം അഭിനയിക്കുന്നത് മൂന്നോ നാലോ വീതം സിനിമകളില്‍ മാത്രമാണ്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ ഒരു ഇടവേള കഴിഞ്ഞു മാത്രമാണ് സൂപ്പര്‍താരങ്ങള്‍ ചെയ്തുപോന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം സൂപ്പര്‍താരങ്ങള്‍ക്ക് അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തിരക്കിലാണ്.

കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ അഭിനയിച്ചത് ആകെ നാല് സിനിമകളില്‍ മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ഒരേ സമയം മൂന്ന് സിനിമകളില്‍ അഭിനയിക്കുകയാണ് അദ്ദേഹം. വടക്കുംനാഥന്‍, മാമ്പഴക്കാലം, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വടക്കുംനാഥന്റെ ചിത്രീകരണത്തിനായി ഹിമാലയത്തില്‍ പോയി മടങ്ങിയെത്തിയതിനു ശേഷം മോഹന്‍ലാല്‍ മാമ്പഴക്കാലത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിനിടെയാണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ ഉദയനാണ് താര ത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.

മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത് രഞ്ജിത്ത് ചിത്രമായ ബ്ലാക്കിലാണ്. മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ വി. എം. വിനു സംവിധാനം ചെയ്യുന്ന വേഷത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് നടന്നുവരികയാണ്. ബ്ലാക്കിലെ തന്റെ പ്രധാനരംഗങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മമ്മൂട്ടി വേഷത്തിന്റെ ലൊക്കേഷനിലെത്തും.

യുവതാരങ്ങള്‍ സിനിമയില്‍ മേധാവിത്തം ഉറപ്പിക്കുന്നു, സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞു എന്നൊക്കെ ചില സംവിധായകര്‍ പോലും പറഞ്ഞുവച്ചത് ഈയടുത്താണ്. എന്നാല്‍ തങ്ങള്‍ക്ക് മാത്രം ചെയ്യാനാവുന്ന ചിത്രങ്ങളുമായി സൂപ്പര്‍താരങ്ങള്‍ വീണ്ടും സജീവമായിരിക്കുന്നു.

മോഹന്‍ലാലിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയത് നാല് ചിത്രങ്ങളാണ്- വാമനപുരം ബസ് റൂട്ട്, വിസ്മയത്തുമ്പത്ത്, വാണ്ടഡ്, നാട്ടുരാജാവ്. കഴിഞ്ഞ വര്‍ഷം രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയിരുന്നതെങ്കില്‍, ഈ വര്‍ഷം നാല് മമ്മൂട്ടി ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. സേതുരാമയ്യര്‍ സിബിഐ, വജ്രം, അപരിചിതന്‍, കാഴ്ച എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പുറത്തിറങ്ങിയ നാല് ചിത്രങ്ങള്‍. ഇനിയും രണ്ടോ മൂന്നോ ചിത്രങ്ങളെങ്കിലും ഇവരുടേതായി ഈ വര്‍ഷം റിലീസ് ചെയ്തേക്കും.

അതേ സമയം നായകനിരയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് താരങ്ങളായ ദിലീപിനും പൃഥ്വിരാജിനും ഈ വര്‍ഷം സിനിമകള്‍ കുറവാണ്. തെക്കേക്കര സൂപ്പര്‍ ഫാസ്റ്, റണ്‍വേ, വെട്ടം എന്നീ മൂന്ന് ചിത്രങ്ങളാണ് ദിലീപിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. ഇവയില്‍ തെക്കേക്കര സൂപ്പര്‍ ഫാസ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ്. പൃഥ്വിരാജിനും മൂന്ന് ചിത്രങ്ങളാണ് ഇതുവരെയുള്ളത്- വെള്ളിനക്ഷത്രം, അകലെ, സത്യം.

ദിലീപ് ഇപ്പോള്‍ രസികന്‍ എന്ന ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചുവരുന്നത്. അതേ സമയം പൃഥ്വിരാജാകട്ടെ സത്യത്തിന് ശേഷം പുതിയ സിനിമകളിലൊന്നും അഭിനയിക്കുന്നുമില്ല.

ഒന്നിനു പിറകെ ഒന്നായും ഒന്നിലേറെ ചിത്രങ്ങള്‍ ഒന്നിച്ചും പൂര്‍ത്തിയാക്കുന്ന സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ സിംഹാസനങ്ങള്‍ ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു എന്ന് വ്യക്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X