twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമവാക്യങ്ങള്‍ മാറുന്നു; മോഹന്‍ലാലും

    By Staff
    |

    സമവാക്യങ്ങള്‍ മാറുന്നു; മോഹന്‍ലാലും
    സപ്തംബര്‍ 24, 2003

    മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയ ചിത്രങ്ങളുടെ സംവിധായകരുടെ പേരുകള്‍ നോക്കുക- വിശ്വനാഥന്‍, ടി. എസ്. സുരേഷ് ബാബു, താഹ......

    ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വന്‍വിജയം നേടിക്കൊടുത്ത ബാലേട്ടന്റെ സംവിധായകന്‍ വി. എം. വിനു. അതിന് മുമ്പ് മോഹന്‍ലാല്‍ കോമഡിവേഷത്തില്‍ അഭിനയിച്ച മിസ്റര്‍ ബ്രഹ്മചാരി ഒരുക്കിയത് തുളസീദാസ്.

    എല്ലാവരും രണ്ടാം നിര സംവിധായകര്‍. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഹരിഹരന്‍പിള്ള ഹാപ്പിയാണ് സംവിധാനം ചെയ്യുന്ന വിശ്വനാഥന്‍ നവാഗതന്‍.

    രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മോഹന്‍ലാലിന്റെ ഡേറ്റ് ലഭിക്കുക എന്നത് രണ്ടാം നിര സംവിധായകരുടെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുന്ന കാര്യമായിരുന്നു. ഒരു നവാഗത സംവിധായകനെ സംബന്ധിച്ചാണെങ്കില്‍ മോഹന്‍ലാലിന്റെ ഡേറ്റ് സ്വപ്നം കാണാന്‍ പോലും പറ്റുമായിരുന്നില്ല.

    രണ്ട് വര്‍ഷം മുമ്പുവരെ പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ഫാസില്‍, കമല്‍, ഭദ്രന്‍ തുടങ്ങിയ ഒന്നാം നിര സംവിധായകരുടെ ചിത്രങ്ങളില്‍ മാത്രമാണ് മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്. ടി. എസ്. സുരേഷ് ബാബു, വി. എം. വിനു, ഷാജുണ്‍ കാര്യാല്‍ തുടങ്ങിയ രണ്ടാം നിരയില്‍ പെടുന്ന സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പോലും യാതൊരു മടിയും കാട്ടാതിരുന്നപ്പോള്‍ ലാല്‍ അവര്‍ക്ക് അപ്രാപ്യനായ താരമായിരുന്നു.

    കാലം മാറുമ്പോള്‍ കഥയും മാറുന്നു. പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന കഥയുട സ്വാഭാവങ്ങള്‍ മാറുന്നു.... സിനിമയിലെ സമവാക്യങ്ങളും മാറുന്നു.... ഷാജി കൈലാസ് ചിത്രങ്ങളില്‍ നരസിംഹമായി അലറിയ മോഹന്‍ലാലിനോട് ഇന്ന് പ്രേക്ഷകര്‍ക്ക് താത്പര്യമില്ല. ഷാജി കൈലാസ് ചിത്രമായ താണ്ഡവം പരാജയപ്പെട്ടതോടെ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തേണ്ട സമയമായി എന്ന് ലാലിനും ബോധ്യപ്പെട്ടു.

    ലാല്‍ പിന്നീട് വ്യത്യസ്തമായ ഇമേജിനുള്ള ശ്രമമായി. ഒന്നാം കിട സംവിധായകരുടെ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂവെന്ന നിര്‍ബന്ധം മാറ്റേണ്ട സമയമായെന്നും ഒന്നാംകിടക്കാരേക്കാള്‍ മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ ചിലപ്പോള്‍ രണ്ടാംകിടക്കാര്‍ക്കാവുമെന്നും ലാല്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

    പ്രിയദര്‍ശന് പോലും സാധിക്കാത്ത ബ്രേക്കാണ് വി. എം. വിനു ബാലേട്ടനിലൂടെ ലാലിന് നേടിക്കൊടുത്തത്. കിളിച്ചുണ്ടന്‍ മാമ്പഴം പ്രതീക്ഷക്കൊത്തുയരാതെ പോയപ്പോള്‍ ബാലേട്ടന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയം തിരിച്ചുപിടിക്കാന്‍ മോഹന്‍ലാലിനെ സഹായിച്ചു. ബാലേട്ടന്റെ വിജയത്തോടെ മാറുന്നത് ചലച്ചിത്രലോകത്തെ ചില സമവാക്യങ്ങളാണ്.

    പുതിയ തിരക്കഥാകൃത്തുക്കളോടും കുറച്ചുമുമ്പുവരെ മോഹന്‍ലാല്‍ വിമുഖനായിരുന്നു. എന്നാല്‍ ബാലേട്ടന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ ടി. എ. ഷാഹിദാണ്. മോഹന്‍ലാല്‍ അഭിനയിക്കുന്ന ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ സംവിധായകനൊപ്പം തിരക്കഥാകൃത്തും പുതിയയാളാണ്.

    ഭദ്രനെയും കമലിനെയും പോലുള്ള സംവിധായകര്‍ മലയാളത്തിലെ പുതിയ തലമുറയില്‍ പെട്ട നടന്‍മാരെ വച്ച് ചിത്രങ്ങളൊരുക്കുമ്പോഴാണ് മോഹന്‍ലാലിന്റെ ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ നടന്‍മാര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രങ്ങളിലാണ് ഭദ്രനും കമലിനുമൊക്കെ ഈയിടെയായി താത്പര്യം. ഒന്നാം കിട സംവിധായകര്‍ പുതിയ തലമുറയിലെ നടന്‍മാരോടൊപ്പം ചേരുമ്പോള്‍ മോഹന്‍ലാല്‍ നവാഗതരുടെയും രണ്ടാം നിര സംവിധായകരുടെയും ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തുന്ന കാഴ്ച കൗതുകകരം തന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X