സൂപ്പര്‍താരങ്ങളുടെ നിഴല്‍പ്പറ്റി ജയസൂര്യ
സൂപ്പര്‍താരങ്ങളുടെ നിഴല്‍പ്പറ്റി ജയസൂര്യ
സപ്തംബര്‍ 24, 2005
നായകനായി തിളങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ സൂപ്പര്‍താര ചിത്രങ്ങളിലെ ഉപനായകവേഷങ്ങളിലൂടെ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാമെന്ന് തെളിയിച്ച നടന്‍മാരുണ്ട്. ഒരു പിടി ചിത്രങ്ങളില്‍ നായകരായിട്ടുള്ള സിദ്ധിക്കും ബിജുമേനോനുമൊക്കെ ഇപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളിലെ വില്ലന്‍വേഷവും ഉപനായകവേഷവും ചെയ്താണ് സിനിമയില്‍ തുടരുന്നത്. യുവയനായകനായ ജയസൂര്യയും ഇപ്പോള്‍ ആ വഴിക്കാണ്.
ആറു മാസത്തിലേറെയായി ജയസൂര്യയുടെ ഒരു ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാള്‍ ആണ് ഒടുവിലായി റിലീസ് ചെയ്ത ജയസൂര്യ ചിത്രം. ഒരു ഡസനോളം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ജയസൂര്യയെ നായകനാക്കി പുതിയ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ സംവിധായകരോ നിര്‍മാതാക്കളോ തയ്യാറുമല്ല. ജയസൂര്യയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതാണ് ഈ നടന് ദുര്‍ഗതി വരുത്തിയത്.
നായകവേഷത്തില്‍ തുടരാന്‍ കഴിയുന്നില്ലെങ്കില്‍ വേറെ വഴി നോക്കുകയല്ലേ നിവൃത്തിയുള്ളൂ. ജയസൂര്യയും ആ വഴിക്കാണ്. സൂപ്പര്‍താര ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഒരു തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ഈ യുവനടന്‍.
സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിലെ ജോജിയും നിശ്ചലുമായി മോഹന്‍ലാലും ജഗതി ശ്രീകുമാറും വീണ്ടും പ്രത്യക്ഷപ്പെടുന്ന കിലുകിലുക്കം എന്ന ചിത്രത്തില്‍ ജയസൂര്യയാണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ കിലുക്കം തങ്ങളെ ഏറെ രസിപ്പിച്ച ചിത്രമായി ഇപ്പോഴും ഓര്‍ക്കുന്ന പ്രേക്ഷകര്‍ ജോജിയെ വീണ്ടും കാണാനെത്തുമ്പോള്‍ തനിക്കും അതു ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ജയസൂര്യ.
മമ്മൂട്ടി ചിത്രത്തിലും ജയസൂര്യ ഉപനായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വി.എം.വിനു സംവിധാനം ചെയ്യുന്ന ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ് ജയസൂര്യക്ക് ഉപനായകവേഷം ലഭിച്ചിരിക്കുന്നത്. കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെ കടന്നുപോകുന്ന മമ്മൂട്ടിയാണ് ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ ഹിറ്റുകളുണ്ടാക്കുന്ന സൂപ്പര്‍താരമെന്നിരിക്കെ ബസ് കണ്ടക്ടറില്‍ ജയസൂര്യക്ക് പ്രതീക്ഷയേറെയാണ്. യുവനായകചിത്രം കാണാന്‍ പ്രേക്ഷകര്‍ വിസമ്മതിക്കുകയാണെങ്കിലും സൂപ്പര്‍താര ചിത്രങ്ങളില്‍ മുഖം കാണിക്കുമ്പോള്‍ തങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ജയസൂര്യയുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications