കാലക്കേട് വന്നാല്‍ തിരക്കഥയെഴുത്താവാം
കാലക്കേട് വന്നാല്‍ തിരക്കഥയെഴുത്താവാം
സപ്തംബര്‍ 24, 2006
സംവിധായകന്റെ മേലങ്കിയണിഞ്ഞതിനു ശേഷം രഞ്ജിത് മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥയെഴുതിയത് ഒരു തവണ മാത്രമാണ്. തന്റെ അസിസ്റന്റായിരുന്ന പത്മകുമാറിന് സ്വതന്ത്രസംവിധായകനാവാന്‍ വഴിയൊരുക്കിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്.
സംവിധായകനായതിനു ശേഷം നന്ദനം, രാവണപ്രഭു എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയെങ്കിലും ഈയിടെ തുടര്‍ച്ചയായി രഞ്ജിത്തിന് പരാജയത്തിന്റെ കയ്പ് നുണയേണ്ടിവന്നു. മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവവും മമ്മൂട്ടി ചിത്രം പ്രജാപതിയും വന്‍പരാജയമാണ് നേരിട്ടത്. പ്രജാപതിയ്ക്കു മുമ്പ് തനിക്കു കാലക്കേടാണെന്ന ജ്യോതിഷിയുടെ അഭിപ്രായം കേട്ട് ഭയന്ന് രാജമാണിക്യം എന്ന ചിത്രത്തിന്റെ സംവിധായക ജോലിയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. ആ ചിത്രം ഒരു നവാഗതന്‍ സംവിധാനം ചെയ്യുകയും ചിത്രം മെഗാഹിറ്റാവുകയും ചെയ്തത് മറ്റൊരു കഥ.
മമ്മൂട്ടിയെ നായനാക്കി ഒരു ചിത്രം കൂടി രഞ്ജിത്ത് പ്ലാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇത്തവണ സംവിധായക ജോലിക്കില്ല. പഴയതു പോലെ തിരക്കഥ മാത്രം. സംവിധാനം ജോഷി നിര്‍വഹിക്കും. നേരത്തെ രഞ്ജിത്ത് തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആ പ്ലാനില്‍ മാറ്റം വരുത്തി. ആ ജോലി ഇപ്പോള്‍ ജോഷിയെ ഏല്പിച്ചിരിക്കുകയാണ്.
കാലക്കേട് വന്നാല്‍ തിരക്കഥയെഴുത്താവാം, സംവിധാന ജോലി വേണ്ടയെന്ന് ചുരുക്കം. ഏതെങ്കിലും ജ്യോതിഷിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണോ രഞ്ജിത്തിന്റെ ഈ തീരുമാനവും?


Click it and Unblock the Notifications