twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാഹിനയ്ക്കു ശേഷം റസിയ

    By Staff
    |

    ഷാഹിനയ്ക്കു ശേഷം റസിയ
    സപ്തംബര്‍ 25, 2004

    പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പേ വിവാഹജീവിതത്തിലേക്ക് തള്ളിനീക്കപ്പെടുന്ന ഷാഹിന എന്ന മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതസംഘര്‍ഷങ്ങളും വേദനകളും പ്രേക്ഷകരുടെ ഉള്ളില്‍ തട്ടും വിധം ഉള്‍ക്കൊണ്ട് അഭിനയിച്ചതിനാണ് മീരാ ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. മലബാറിലെ മുസ്ലിം പെണ്‍കുട്ടികളുടെ ജീവിതദൈന്യങ്ങളെ തീര്‍ത്തും സ്വാഭാവികമായി അവതരിപ്പിച്ച മീരാ ജാസ്മിന്‍ വീണ്ടും സിനിമയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷമണിയുന്നു.

    കമലിന്റെ പെരുമഴക്കാലത്തിലെ റസിയ മീരാ ജാസ്മിന്റെ അഭിനയമികവുകളെ ഒരിക്കല്‍ കൂടി പ്രയോജനപ്പെടുത്തുന്ന ശക്തമായ കഥാപാത്രമാണ്. ഷാഹിനയെ പോലെ ഉരുകുന്ന ജീവിതസംഘര്‍ഷങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രം. തമിഴിലെ വില കൂടിയ നടിമാരിലൊരാളായ മീര അന്യഭാഷയിലെ തിരക്കുകള്‍ മാറ്റിവച്ചാണ് ജീവിതഗന്ധിയായ കഥാപാത്രമായി മാറാന്‍ പെരുമഴക്കാലത്തിന്റെ സെറ്റിലെത്തിയത്.

    ജീവിതം കരകയറ്റാനായി ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് അക്ബറിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് റസിയ. ഉപ്പയോടൊപ്പം രണ്ട് വയസായ കുഞ്ഞുമായി കഴിയുന്ന റസിയ കാത്തിരിപ്പിന്റെ നാളുകളിലൂടെ കടന്നുപോവുമ്പോഴാണ് സൗദിയില്‍ നടന്ന ഒരു സംഭവം അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ആ സംഭവത്തിന്റെ പ്രതിഫലനങ്ങള്‍ അവളുടെ ജീവിതത്തില്‍ മാത്രമല്ല വന്നുവീണത്. പാലക്കാട്ടെ അഗ്രഹാരത്തില്‍ താമസിക്കുന്ന ഗംഗ എന്ന ബ്രാഹ്മണപെണ്‍കുട്ടിയുടെ ജീവിതത്തിലേക്കും ആ സംഭവത്തിന്റെ നിഴലുകള്‍ ചെന്നുവീണു.

    മിക്കവാറും സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോവുന്ന സ്ത്രീകളുടെ കഥയാണ് കമല്‍ പെരുമഴക്കാലത്തില്‍ പറയുന്നത്. ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യാ മാധവനാണ്. റസിയയുടെയും ഗംഗയുടെയും കാത്തിരിപ്പിന്റെ കഥയാണ് പെരുമഴക്കാലം പറയുന്നത്.

    മീരാ ജാസ്മിന്റെ ഭര്‍ത്താവ് അക്ബറായി ഒടുവിലത്തെ സീനുകളില്‍ ദീലീപ് പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി ബിജു മേനോനും വേഷമിടുന്നുണ്ട്. സലിംകുമാര്‍, സാദിക്ക്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശിവജി, മാമുക്കോയ, മാള അരവിന്ദന്‍, കോഴിക്കോട് ശാരദ, ബേബി സനുഷ, മാസ്റര്‍ ഋഷികേശ് പ്രകാശ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

    ടി. എ. റസാക്കിന്റേതാണ് ചിത്രത്തിന്റെ രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. രസികര്‍ ഫിലിംസിന്റെ ബാനറില്‍ സലിം പടിയത്താണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X