മോഹന്‍ലാല്‍-തമ്പി കണ്ണന്താനം ടീം വീണ്ടും
മോഹന്‍ലാല്‍-തമ്പി കണ്ണന്താനം ടീം വീണ്ടും
സപ്തംബര്‍ 25, 2005
ഒന്നാമനു ശേഷം മോഹന്‍ലാലും തമ്പി കണ്ണന്താനവും വീണ്ടും ഒന്നിക്കുന്നു. രാജാവിന്റെ മകന്‍, ഇന്ദ്രജാലം നാടോടി, മാന്ത്രികം തുടങ്ങിയ ഹിറ്റ്ചിത്രങ്ങള്‍ സൃഷ്ടിച്ച ഈ ടീമിന്റെ പുതിയ ചിത്രത്തിന്റെ പേര് ഭൈരവന്‍ എന്നാണ്.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്കു തൂലിക ചലിപ്പിച്ചിട്ടുള്ള ഡെന്നിസ് ജോസഫാണ് ചിത്രത്തിനു തിരക്കഥയെഴുതുന്നത്. തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
അരഡസനോളം ഹിറ്റ് ചിത്രങ്ങള്‍ ക്രെഡിറ്റിലുണ്ടെങ്കിലും ഒന്നാമന്‍, ഫ്രീഡം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം തമ്പി കണ്ണന്താനത്തിന്റെ കരിയറില്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹീറോ പരിവേഷം ചൂഷണം ചെയ്ത് വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ ഒരുക്കിയ ഒന്നാമന്‍ പരാജയപ്പെട്ടതിനു ശേഷം അത്തരമൊരു ത്രില്ലര്‍ ഒരുക്കാന്‍ തമ്പി കണ്ണന്താനം വീണ്ടുമൊരുങ്ങിയെങ്കിലും മോഹന്‍ലാല്‍ ആ പ്രൊജക്ടിന് ഡേറ്റ് നല്‍കിയിരുന്നില്ല.
തുടര്‍ന്നാണ് ജിഷ്ണുവിനെ നായകനാക്കി ഫ്രീഡം എന്ന ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രം വന്‍പരാജയമായി. രണ്ട് ചിത്രങ്ങളുടെ പരാജയം നല്‍കിയ തിരിച്ചടിയില്‍ കരകയറുകയെന്ന ലക്ഷ്യത്തോടെയാണ് മോഹന്‍ലാലുമായി തമ്പി കണ്ണന്താനം വീണ്ടുമൊന്നിക്കുന്നത്.


Click it and Unblock the Notifications