മുംതാസ് മലയാളത്തില്‍
മുംതാസ് മലയാളത്തില്‍
സപ്തംബര്‍ 28, 2004
തമിഴിലെ ഗ്ലാമര്‍താരം മുംതാസ് മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. പി. ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന ആന മയില്‍ ഒട്ടകം എന്ന ചിത്രത്തിലാണ് മുംതാസ് ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നത്.
താണ്ഡവം ആണ് ഇതിനുമുമ്പ് മുംതാസ് അഭിനയിച്ച മലയാളചിത്രം. ഈ ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം ഒരു ഗാനരംഗത്തിലാണ് മുംതാസ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ആന മയില്‍ ഒട്ടകത്തിലൂടെ ഒരു മലയാളചിത്രത്തില്‍ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മുംതാസിന് അവസരം ലഭിച്ചിരിക്കുന്നു.
നീണ്ട ഇടവേളക്ക് ശേഷം പി. ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന മയില്‍ ഒട്ടകം. പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം ചിത്രങ്ങളൊന്നും ലഭിക്കാതിരുന്ന പി. ജി. വിശ്വംഭരന്‍ പുതിയ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
സുകുമാരനും സോമനും നായകന്‍മാരായി തിളങ്ങിയിരുന്ന സമയത്തും പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി വളരുന്ന ഘട്ടത്തിലും ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് പി. ജി. വിശ്വംഭരന്‍. എന്നാല്‍ ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, മാമുക്കോയ എന്നിവരാണ് ആന മയില്‍ ഒട്ടകത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, റിയാസ്ഖാന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, കൊച്ചുപ്രേമന്‍, സാജു കൊടിയന്‍, ജയരാജ് വാര്യര്‍, സാലു കൂറ്റനാട്, ഗീതാ പി. നായര്‍, ലിസി ജോസ് എന്നിവരും അഭിനയിക്കുന്നു. സുചിതയാണ് നായിക.
രാജേഷ് നാരായണന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ഗോവര്‍ധനാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ബാബു രാജേന്ദ്രന്‍ ഈണം പകരുന്നു. സില്‍വര്‍ ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി. എല്‍. എസ്. കണ്ണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications