പൃഥ്വിയും ഇന്ദ്രനും വീണ്ടും കോര്‍ക്കുന്നു
പൃഥ്വിയും ഇന്ദ്രനും വീണ്ടും കോര്‍ക്കുന്നു
സപ്തംബര്‍ 28, 2006
വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലാണ് സഹോദരന്‍മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പ്രതിയോഗികളായ കോളജ് വിദ്യാര്‍ത്ഥികളായാണ് ഇരുവരും ആ ചിത്രത്തില്‍ വേഷമിട്ടത്.
ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ആ ചിത്രത്തില്‍ ഇന്ദ്രജിത്തിന് പൊലീസ് ഓഫീസറുടെ വേഷവും പൃഥ്വിരാജിന് ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ വേഷവുമായിരുന്നു. പിന്നീട് ക്ലാസ്മേറ്റ്സില്‍ ഇരുവരും ക്ലാസ്മേറ്റ്സായി. കോളജിലെ വിദ്യാര്‍ത്ഥി നേതാവായ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ സുഹൃത്തായാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ വേഷമിട്ടത്.
ഇപ്പോള്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കുകയാണ്. ഇത്തവണ പൊലീസ് വേഷത്തിലാണ് പൃഥ്വിരാജ്. കേന്ദ്രകഥാപാത്രമായ ശിവനായി ഇന്ദ്രജിത്ത് അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് പൃഥ്വിരാജെത്തുന്നത്.
ചാത്തന്നൂര്‍ ഗ്രാമത്തിലെ വെടിക്കെട്ടു വിദഗ്ധനായ ഭരതാനാശാന്റെ സംഘത്തിലെത്തിയ ശിവന് ചുറ്റും ചില ദുരൂഹതകളുണ്ട്. ഭരതാനാശാന് ശിവന്‍ മകനെ പോലെയായി. തന്നെ സംശയത്തോടെ വീക്ഷിച്ച നാട്ടുകാരുടെ എതിര്‍പ്പുകളെ ശിവന്‍ അവഗണിച്ചു.
ഇവിടെ ട്രാന്‍സ്ഫറായെത്തിയ എസ്ഐ ജീവന്‍ കര്‍ക്കശക്കാരനാണ്. സരസനായി എല്ലാവരോടും പെരുമാറുന്ന ജീവന്‍ പ്രശ്നങ്ങളിലേക്ക് കടന്നാല്‍ മറ്റൊരാളായി മാറും. പൂരപ്പറമ്പുകളില്‍ ചുറ്റയടിക്കാറുള്ള ജീവന്‍ അവിടെയൊക്കെ ശിവനെ തിരയാറുണ്ട്. എന്നാല്‍ ജീവന്റെ കണ്ണില്‍പ്പെടാതെ ഒളിച്ചു നടക്കാനാണ് ശിവന്‍ ശ്രമിക്കുന്നത്. ഇരുവരും പരസ്പരം കോര്‍ക്കുന്ന സന്ദര്‍ഭം വൈകാതെ വന്നു.
എസ്ഐ ജീവന്‍ കലാഭവന്‍ മണി അവതരിപ്പിക്കാനിരുന്ന കഥാപാത്രമാണ്. മണി പിന്‍മാറിയപ്പോള്‍ പകരം പൃഥ്വിരാജിനായി ആ വേഷം.
മീരാ വാസുദേവാണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, മാള, ടി.ജി.രവി, അനൂപ്, സുബൈര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications