»   » മിലിട്ടറി ക്യാപ്റ്റനായി പൃഥ്വിരാജ്

മിലിട്ടറി ക്യാപ്റ്റനായി പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

മിലിട്ടറി ക്യാപ്റ്റനായി പൃഥ്വിരാജ്
സപ്തംബര്‍ 29, 2004

സത്യത്തിലെ പൊലീസ് ഇന്‍സ്പെക്ടറുടെ വേഷം പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോയുടെ ഇമേജാണ് നേടിക്കൊടുത്തത്. കൈയടി നേടിയ തന്റെ പൊലീസ് വേഷത്തിന് പിന്നാലെ ആക്ഷന്‍ മൂഡിലുള്ള മറ്റൊരു കഥാപാത്രവുമായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു.

പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വര്‍ഗം എന്ന ചിത്രത്തില്‍ ഒരു മിലിട്ടറി ക്യാപ്റ്റനായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിക്ക് ലഭിച്ചിരിക്കുന്ന ആക്ഷന്‍ ഹീറോ പരിവേഷം ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന കഥാപാത്രം. ഈ ശക്തമായ വേഷം പൃഥ്വിരാജിന്റെ കരിയര്‍ഗ്രാഫില്‍ മറ്റൊരു ഉയര്‍ച്ച കൂടി വരച്ചുചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അമ്മക്കിളിക്കൂടിന് ശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഗം. അമ്മക്കിളിക്കൂടിന്റെ സംവിധായകനും നായകനും ഈ ചിത്രത്തിലും ഒന്നിക്കുന്നു. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, ബന്ധങ്ങളുടെ വൈകാരികതലങ്ങളിലൂന്നുന്ന കഥയാണ് അമ്മക്കിളിക്കൂടില്‍ പറഞ്ഞിരുന്നത്. അതേ സമയം വര്‍ഗം വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഇതിവൃത്തമാണ് കൈകാര്യം ചെയ്യുന്നത്.

അമ്മക്കിളിക്കൂടിന്റെ തിരക്കഥയെഴുതിയ രഞ്ജിത്തിന്റെ കഥയെ ആസ്പദമാക്കിയാണ് വര്‍ഗം ഒരുക്കുന്നത്. രഞ്ജിത്തിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ടി. എ. റസാക്കാണ്.

വര്‍ഗം എന്ന പിേല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് രഞ്ജിത്ത് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ചു. ലാലിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ കഥ തന്നെയാണോ പൃഥ്വി ചിത്രത്തിന്റേതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമായിട്ടില്ല.

ഛായാഗ്രഹണം സഞ്ജീവ്ശങ്കര്‍. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് കോയമ്പത്തൂരിലും പാലക്കാടുമായി ചിത്രീകരണം ആരംഭിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X