twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹിയുടെ ചക്രം ഉരുളുന്നു

    By Staff
    |

    ലോഹിയുടെ ചക്രം ഉരുളുന്നു
    സപ്തംബര്‍ 30, 2003

    ഏറെ വിവാദങ്ങള്‍ക്ക് ശേഷം ലോഹിതദാസിന്റെ ചക്രം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീചക്രം എന്നും കള്ളച്ചൂത് എന്നും ചിത്രത്തിന് വേറെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ആദ്യമിട്ട പേര് തന്നെ ചിത്രത്തിന് നല്‍കാന്‍ ലോഹിതദാസ് തീരുമാനിച്ചു.

    നേരത്തെ കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ചക്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസം നടക്കുകയും ചെയ്തു. ജോണിസാഗരിക നിര്‍മാതാവായ ചിത്രത്തില്‍ മോഹന്‍ലാലും ദിലീപുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചക്രം ഉപേക്ഷിക്കുകയായിരുന്നു.

    ഇപ്പോള്‍ ലോഹി തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പഴയ പേര് വേണ്ടെന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ആലോചിച്ച മറ്റ് പേരുകള്‍ യോജിക്കാത്തതിനെ തുടര്‍ന്ന് ചക്രം വീണ്ടും ചക്രം തന്നെയായി.

    പൃഥ്വിരാജാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്ദ്രഹാസന്‍ എന്ന ലോറി ഡ്രൈവറുടെ വേഷമാണ് പൃഥ്വിരാജിന് ചക്രത്തില്‍. ചന്ദ്രഹാസന്റെ ലോറിയിലെ കിളിയായി നമ്മളിലൂടെ ശ്രദ്ധേയനായ വിജീഷ് അഭിനയിക്കുന്നു.

    ചന്ദ്രഹാസന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യമേയുള്ളൂ. തന്റെ ജീവിതം തകര്‍ത്തയാളെ കണ്ടെത്തുക. അതിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിച്ചിരിക്കുന്നതു തന്നെ. ജീവിതത്തിലെ എല്ലാ കറുത്ത വഴികളിലൂടെയും സഞ്ചരിച്ച ചന്ദ്രഹാസന്റെ അന്വേഷണം അയാളെ തേടിയുള്ളതാണ്.

    ഏറെ അഭിനയസാധ്യയുള്ള കഥാപാത്രമാണ് പൃഥ്വിരാജിന് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. കൊച്ചിന്‍ ഹനീഫ, ശ്രീഹരി, മഹേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രനാണ് ഈണം പകരുന്നത്. ഛായാഗ്രഹണം രാജീവ് രവി. കിട്ടു അമ്മിണി ആര്‍ട്സിന്റെ ബാനറില്‍ കൃഷ്ണരാജ് ചിത്രം നിര്‍മിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X