മുരളിയുടെ വാസുണ്ണി
തെയ്യം കലാകാരനായ വാസുണ്ണി. എം.പി.സുകുമാരന്‍നായരുടെ ദൃഷ്ടാന്തം എന്ന ചിത്രത്തില്‍ മുരളി അവതരിപ്പിക്കുന്ന കഥാപാത്രം. നെയ്ത്തുകാരനും പുലിജന്മത്തിനും ശേഷം മുരളിയെ തേടിയെത്തുന്ന ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ഇത്.
മധ്യകേരളത്തിലെ കാളീക്ഷേത്രങ്ങളില്‍ തീയ്യാട്ടു വഴിപാട് നടത്തുന്ന ഉണ്ണിസമുദായത്തിന്റെ കഥയാണ് ദൃഷ്ടാന്തം. പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ കുടുങ്ങിക്കിടക്കുന്ന വാസുണ്ണി പുതിയ കാലത്ത് നേരിടുന്ന സംഘര്‍ഷങ്ങളാണ് പ്രമേയത്തിന്റെ കാതല്‍.
മകനും മറ്റുള്ളവരും പാമ്പര്യത്തെ മറന്നു ജീവിക്കാന്‍ തയ്യാറാവുമ്പോള്‍ പവിത്രതയോടെ താന്‍ ആചരിച്ചു പോന്നിരുന്ന തീയാട്ടിലെ കാളി സംഹാരരുദ്രയായി വാസുണ്ണിയെ വേട്ടയാടുകയാണ്.
വാസുണ്ണിയുടെ ഭാര്യ സതിയായി പ്രശസ്ത കൂടിയാട്ടം കലാകാരിയായ മാര്‍ഗം സതി വേഷമിടുന്നു. ഇന്ദ്രന്‍സ്, ജിജോ, ജോസ് ആലച്ചേരി, ജി.വി.ആലക്കാട്, വി.എസ്.ആചാരി, രത്യ, കാര്‍ത്തിക്, രമാദേവി, ഹരിലാല്‍, രേവതി, രാധാകൃഷ്ണന്‍ എന്നിവരും വേഷമിടുന്നു.
കോട്ടയത്തെ താഴത്തങ്ങാടിയിലും പരിസരത്തുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത് എം.പി.സുകുമാരന്‍ നായര്‍ തന്നെയാണ്. കെഎസ്എഫ്ഡിസിയുടെ ധനസഹായത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications