»   » രഞ്ജിത്തിന്റെ യാത്രയില്‍ 10 സംവിധായകര്‍

രഞ്ജിത്തിന്റെ യാത്രയില്‍ 10 സംവിധായകര്‍

Posted By:
Subscribe to Filmibeat Malayalam
Ranjith
ആളു കൂടിയാല്‍ പാമ്പ്‌ ചാവുമോ? രഞ്‌ജിത്തിന്റെ പുതിയ സിനിമ പരീക്ഷണത്തെക്കുറിച്ച്‌ കേള്‍ക്കുന്നവര്‍ക്കാണ്‌ ഈ പഴഞ്ചൊല്‍ ഓര്‍മ്മ വരിക. തിരക്കഥയെഴുത്തും സംവിധാനവും എന്തിന്‌ അഭിനയം പോലും തനിയ്‌ക്ക്‌ ഒരു പോലെ വഴങ്ങുമെന്ന്‌ തെളിയിച്ച രഞ്‌ജിത്തിന്റെ പുതിയ സിനിമാ പരീക്ഷണം വാര്‍ത്തയായി കഴിഞ്ഞു.

രഞ്‌ജിത്തിന്റെ ക്യാപിറ്റല്‍ തിയറ്റര്‍ നിര്‍മ്മിയ്‌ക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിയ്‌ക്കുന്നത്‌ 10 പ്രശസ്‌തരായ സംവിധായകരാണ്‌.

പാമ്പ്‌ ചാവില്ലെന്ന്‌ പേടിച്ചാകണം 10 പേരും ഒരുമിച്ചല്ല സംവിധാനത്തിന്‌ ഇറങ്ങുന്നത്‌. ഒരു പ്രമേയത്തെ ആസ്‌പദമാക്കി ഈ സംവിധായകര്‍ ഒരുക്കുന്ന ഷോട്ട്‌ ഫിലിമുകളാണ്‌ ഒരൊറ്റ സിനിമയായി പ്രദര്‍ശനത്തിനെത്തുക. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത്‌ ഒരൊറ്റ സിനിമയൊരുക്കുവാന്‍ മുന്നില്‍ നില്‌ക്കുന്നത്‌ രഞ്‌ജിത്ത്‌ തന്നെ.

യാത്രയെന്ന പ്രമേയത്തെ ആസ്‌പദമാക്കിയാണ്‌ പുതിയ ചിത്രം നിര്‍മ്മിയ്‌ക്കുന്നതെന്ന്‌ രഞ്‌ജിത്ത്‌ പറയുന്നു. യാത്രകള്‍ പലവിധത്തിലുണ്ടാകാം. യാത്രയിലുണ്ടാകുന്ന സംഭവങ്ങളും യാത്ര വേണ്ടെന്ന്‌ വെയ്‌ക്കുമ്പോഴുള്ള സംഭവങ്ങളും വ്യത്യസ്‌തങ്ങളായിരിക്കും. ഇവയ്‌ക്ക്‌ ഓരോന്നും ഓരോ കഥ പറയാനുണ്ടാകും.
മാറ്റത്തിന്‌ വേണ്ടി ദാഹിയ്‌ക്കുന്ന പ്രേക്ഷകര്‍ക്ക്‌ പുതിയൊരു അനുഭവമായിരിക്കും സിനിമയെന്ന്‌ രഞ്‌ജിത്ത്‌ പറയുന്നു.

12 മുതല്‍ 20 മിനിറ്റ്‌ വരെയാണ്‌ ഷോര്‍ട്ട ്‌ഫിലിമുകളുടെ ദൈര്‍ഘ്യം. എല്ലാ സംവിധായകര്‍ക്കും അവരുടെ ചിത്രങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കും. കഥ തിരക്കഥ, താരങ്ങള്‍, സാങ്കേതിക വിദഗ്‌ധര്‍ ഇക്കാര്യങ്ങളിലെല്ലാം അവര്‍ക്ക്‌ സ്വയം തീരുമാനിയ്‌ക്കാം. എന്നാല്‍ എല്ലാം കൂടി ഒത്തുചേരുമ്പോള്‍ ഒരൊറ്റ സിനിമയാകണമെന്ന നിബന്ധന മാത്രമാണ്‌ രഞ്‌ജിത്ത്‌ മുന്നോട്ട്‌ വെയ്‌ക്കുന്നത്‌.

രഞ്‌ജിത്തിന്റെ പുതിയ പരീക്ഷണവുമായി സഹകരിയ്‌ക്കാമെന്ന്‌ പ്രശസ്‌തരായ പത്ത്‌ സംവിധായകര്‍ ഉറപ്പു നല്‌കി കഴിഞ്ഞു. വാണിജ്യ സിനിമ ലോകത്ത്‌ മുന്‍പന്തിയില്‍ നില്‌ക്കുന്ന ലാല്‍ ജോസ്‌, ഷാജി കൈലാസ്‌, അന്‍വര്‍ റഷീദ്‌, ബി ഉണ്ണികൃഷ്‌ണന്‍, എം പത്മകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ശ്യാമപ്രസാദ്‌, രേവതി, അഞ്‌ജലി മേനോന്‍, ഉദയ്‌ അനന്തന്‍, ശങ്കര്‍ രാമകൃഷ്‌ണന്‍ എന്നിവരാണ്‌ രഞ്‌ജിത്തിന്റെ യാത്രയില്‍ ഒപ്പം ചേരുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam