പ്രിയന്‍-മോഹന്‍ലാല്‍ ചിത്രം ചന്ദനത്തോണി
പ്രിയന്‍-മോഹന്‍ലാല്‍ ചിത്രം ചന്ദനത്തോണി
ഒക്ടോബര്‍ 01, 2002
കാക്കകുയിലിനു ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ചന്ദനത്തോണി എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. പ്രിയനും മോഹന്‍ലാലും ശ്രീനിയും വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് പ്രിയന്‍-ലാല്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായത്. താളവട്ടം, ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മികച്ച മുഴുനീള വിനോദചിത്രങ്ങളായിരുന്നു.
പ്രിയനും ലാലും ശ്രീനിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് പഴയ ശൈലിയില്‍ തന്നെയാണോ പുതിയ ചിത്രമൊരുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നര്‍മപ്രധാനമായ ചിത്രങ്ങളാണ് ഇവര്‍ മുമ്പൊരുക്കിയിരുന്നതെങ്കിലും വീണ്ടും നര്‍മ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ പ്രിയദര്‍ശന്‍ നേരത്തെ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു.
കാക്കക്കുയില്‍ പൂര്‍ത്തിയാക്കിയതിന് ശേഷം താനിനി മലയാളത്തില്‍ നര്‍മ ചിത്രങ്ങള്‍ ചെയ്യില്ലെന്നും നര്‍മത്തിന്റെ സ്റോക്ക് തന്റെ കൈയില്‍ തീര്‍ന്നെന്നും പ്രിയന്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥ ശ്രീനിവാസനാണ് ഒരുക്കുന്നത് എന്നതുകൊണ്ട് (നര്‍മത്തിന്റെ സ്റോക്ക് തീര്‍ന്നെന്നൊരു പ്രഖ്യാപനം ശ്രീനി ഇതുവരെ നടത്തിയിട്ടില്ല) ഈ നിലപാടില്‍ പ്രിയന്‍ ഉറച്ചുനില്‍ക്കണമെന്നില്ല.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications