അമൃതത്തില്‍ പത്മപ്രിയ നായിക
അമൃതത്തില്‍ പത്മപ്രിയ നായിക
ഒക്ടോബര്‍ 03, 2004
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാഴ്ചയിലൂടെ ശ്രദ്ധ നേടിയ പത്മപ്രിയ സിബി മലയില്‍ സംവിധാനം ചെയ്യുന്ന അമൃതത്തില്‍ നായികയായി അഭിനയിക്കുന്നു. കാഴ്ചയിലെ നായികാവേഷത്തിലൂടെ മലയാളത്തിലെത്തിയ പത്മപ്രിയയുടെ ആദ്യചിത്രത്തിലെ അഭിനയം പ്രശംസ നേടിയിരുന്നു.
ആദ്യചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പത്മപ്രിയ അമൃതത്തില്‍ ജയറാമിന്റെ നായികയാണ്. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷമാണ് ഈ ചിത്രത്തില്‍ പത്മപ്രിയക്ക്. കാഴ്ചയിലേതു പോലെ സാധാരണമായ ജീവിതാന്തരീക്ഷത്തില്‍ നിന്നു വരുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം.
ജയറാം അവതരിപ്പിക്കുന്ന കര്‍ഷകയുവാവായ ഗോപി എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് പത്മപ്രിയ അഭിനയിക്കുന്നത്. ഒരു ഹിന്ദുയുവാവ് മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിലൂടെ വീട്ടില്‍ നേരിടേണ്ടിവരുന്ന പലവിധത്തിലുള്ള പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.
ഭാവനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജയറാമിന്റെ അനുജനായി അഭിനയിക്കുന്ന അരുണിന്റെ നായികയായാണ് ഭാവന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അല്പം വില്ലന്‍ സ്വഭാവമുള്ള ദിനേശ് എന്ന കഥാപാത്രത്തെയാണ് അരുണ്‍ അവതരിപ്പിക്കുന്നത്.
ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, നെടുമുടി വേണു, മാമുക്കോയ, കെ. പി. എ. സി. ലളിത, ടി. ജി. രവി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഒരു ഇടവേളക്ക് ശേഷം ടി. ജി. രവി സിനിമയില്‍ തിരിച്ചെത്തുകയാണ്. ഒരു ചായക്കുട ഉടമയുടെ റോളിലാണ് ടി. ജി. രവി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അമൃതത്തിന്റെ ചിത്രീകരണം മൂന്നാറില്‍ തുടങ്ങി. അരുണും ഭാവനയും ഉള്‍പ്പെട്ട ഗാനരംഗങ്ങളാണ് മൂന്നാറില്‍ ചിത്രീകരിച്ചത്. തുടര്‍ന്നുള്ള ചിത്രീകരണം നടക്കുന്നത് പാലക്കാട്ടാണ്.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍. മാജിക് സിനിമയുടെ ബാനറില്‍ സലിമും തോമസ് കൊടുവേലിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാജിക് വിഷന്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications