റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ മമ്മൂട്ടി
റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ മമ്മൂട്ടി
ഒക്ടോബര്‍ 4, 2005
ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ ഒരു മികച്ച സംവിധായകനെയാണ് മലയാളത്തിനു ലഭിച്ചത്. ഉദയന്‍ എന്ന സംവിധായകന്‍ കേന്ദ്രകഥാപാത്രമായി വരുന്ന ഈ ചിത്രത്തിലൂടെ സിനിമയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളും സംഘര്‍ഷങ്ങളും റോഷന്‍ അവതരിപ്പിച്ചപ്പോള്‍ ആ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായി.
ആദ്യചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകരില്‍ പ്രമുഖനാണ് റോഷന്‍ ആന്‍ഡ്രൂസ്. ആദ്യചിത്രം തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ അവസരം ലഭിച്ച ആദ്യത്തെ മലയാളി സംവിധായകനുമാണ് അദ്ദേഹം. അനില്‍ കപൂറിനെ നായകനാക്കി ഉദയനാണ് താരത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യാനുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് റോഷന്‍ ഇപ്പോള്‍.
തന്റെ അടുത്ത മലയാള ചിത്രത്തിന്റെ കഥ റോഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഹിന്ദി ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആദ്യചിത്രത്തില്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കാന്‍ അവസരം ലഭിച്ച റോഷന്റെ അടുത്ത മലയാള ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.
ആദ്യത്തെ രണ്ടു ചിത്രങ്ങളിലും സൂപ്പര്‍താരങ്ങളെ നായകരാക്കാന്‍ കഴിഞ്ഞ സംവിധായകന്‍ എന്ന പ്രത്യേകത റോഷന് പുറമെ ബ്ലെസ്സിക്കു മാത്രമാണുള്ളത്. മമ്മൂട്ടിയെ നായകനാക്കി കാഴ്ചയൊരുക്കിയ ബ്ലെസ്സിയുടെ രണ്ടാമത്തെ ചിത്രം തന്മാത്രയില്‍ മോഹന്‍ലാലാണ് നായകന്‍.
വി.എം.വിനുവിന്റെ ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ഇതിനു ശേഷം ജോണി ആന്റണിയുടെ തുറുപ്പുഗുലാനില്‍ അഭിനയിക്കും. ഈ രണ്ട് ചിത്രങ്ങള്‍ മമ്മൂട്ടി പൂര്‍ത്തിയാക്കിയതനു ശേഷമായിരിക്കും റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.


Click it and Unblock the Notifications