കാവ്യ-ദിലീപ് ജോഡി 12 തികയ്ക്കുന്നു
കാവ്യ-ദിലീപ് ജോഡി 12 തികയ്ക്കുന്നു
ഒക്ടോബര്‍ 7, 2005
ദിലീപിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായിട്ടുള്ള നടി കാവ്യാ മാധവനാണ്. മഞ്ജു വാര്യരും നവ്യാനായരുമൊക്കെ ഏതാനും ചിത്രങ്ങളില്‍ ദിലീപിന് ജോഡിയായിട്ടുണ്ടെങ്കിലും അവരെല്ലാം ദിലീപ് ചിത്രങ്ങളുടെ എണ്ണത്തില്‍ കാവ്യയ്ക്കു ഏറെ പിന്നിലാണ്. ജോഷിയുടെ ലയണ്‍ എന്ന ചിത്രത്തോടെ ഈ താരജോഡി ഒരു ഡസന്‍ ചിത്രങ്ങള്‍ തികയ്ക്കുന്നു.
റണ്‍വേയ്ക്കു ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് കാവ്യ നായികയാവുന്നത്. റണ്‍വേയിലും കാവ്യയായിരുന്നു നായിക. കൊച്ചിരാജാവിലാണ് ഏറ്റവും ഒടുവിലായി ഈ താരജോഡി ഒന്നിച്ചത്.
മീരാ ജാസ്മിന്‍, നവ്യാനായര്‍, ദിവ്യാ ഉണ്ണി തുടങ്ങിയ നടിമാരെ പോലെ കാവ്യയുടെയും ആദ്യചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദിലീപ്-കാവ്യ ജോഡി പിന്നീട് ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, തെങ്കാശിപട്ടണം, രാക്ഷസരാജാവ്, മീശമാധവന്‍, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, റണ്‍വേ, കൊച്ചിരാജാവ് എന്നീ ചിത്രങ്ങളിലും ഒന്നിച്ചു. ഇതില്‍ ദോസ്ത് ഒഴികെയുള്ള എല്ലാ ചിത്രങ്ങളിലും ദിലീപിന്റെ നായികയായിട്ടാണ് കാവ്യ അഭിനയിച്ചത്. ദോസ്തില്‍ സഹോദരീസഹോദരന്‍മാരായാണ് ഇരുവും വേഷമിട്ടത്.
ദിലീപിന്റെ ലക്കിഹീറോയിന്‍ എന്ന വിശേഷണം കൂടി കാവ്യക്ക് അവകാശപ്പെട്ടതാണ്. കാവ്യ നായികയായ ദിലീപിന്റെ മിക്ക ചിത്രങ്ങളും വിജയമായിരുന്നു. തെങ്കാശിപ്പട്ടണം, മീശമാധവന്‍ എന്നിവ സൂപ്പര്‍ഹിറ്റുകളായി. തിളക്കം, രാക്ഷസരാജാവ് എന്നീ ചിത്രങ്ങള്‍ക്കു പുറമെ ഏറ്റവുമൊടുവില്‍ ഇരുവരും ഒന്നിച്ചഭിനയിച്ച റണ്‍വേയും കൊച്ചിരാജാവും ഹിറ്റുകളായി. ഇവരുടെ 11 ചിത്രങ്ങളില്‍ സദാനന്ദന്റെ സമയം, മിഴി രണ്ടിലും എന്നിവ മാത്രമാണ് പരാജയമായത്.
റണ്‍വേ പോലെ ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കിയുള്ള ചിത്രമാണ് ലയണ്‍. റിയാസ്ഖാന്‍, ജഗതിശ്രീകുമാര്‍, സായികുമാര്‍, കലാശാല ബാബു, സുബൈര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
റണ്‍വേയുടെ തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ. തോമസാണ് ഈ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപക്ദേവ് ഈണം പകരുന്നു. എന്‍എസ്എസ് ആര്‍ട്സിന്റെ ബാനറില്‍ നൗഷാദും മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











