»   » മലയാളചിത്രങ്ങള്‍ക്ക് തമിഴില്‍ തിരക്ക്

മലയാളചിത്രങ്ങള്‍ക്ക് തമിഴില്‍ തിരക്ക്

Posted By:
Subscribe to Filmibeat Malayalam

മലയാളചിത്രങ്ങള്‍ക്ക് തമിഴില്‍ തിരക്ക്
ഒക്ടോബര്‍ 08, 2003

തമിഴ് സിനിമ കഥകളും ആശയവും താരങ്ങളെയും തേടി മലയാളത്തിലേക്ക് തിരിയുന്നു. 2002 എന്ന നിര്‍ഭാഗ്യവര്‍ഷത്തില്‍ നിന്നും കരകയറി, 2003നെ തിളക്കമുറ്റതാക്കാന്‍ മലയാളം സഹായിക്കുമെന്നാണ് തമിഴ് സിനിമാലോകം കരുതുന്നത്.

ഇപ്പോള്‍ തമിഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് ബിഗ്ബജറ്റ് ചിത്രങ്ങള്‍ മലയാള സിനിമയുടെ റീമേക്ക് ആണ്. ഇതില്‍ ഒന്ന് വിജയകാന്ത് നിര്‍മ്മിയ്ക്കുന്ന ചിത്രമാണ്. ക്രോണിക്ബാച്ചിലര്‍ എന്ന സിദ്ദിഖ് ചിത്രമാണ് വിജയകാന്ത് തമിഴില്‍ നിര്‍മ്മിയ്ക്കുന്നത്. മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലര്‍ മലയാളത്തില്‍ നല്ല കളക്ഷന്‍ നേടിയിരുന്നു. വിജയകാന്തിന്റെ ഒടുവിലത്തെ ചിത്രമായ തേനവന്‍ തമിഴില്‍ തലകുത്തിവീണ ചിത്രമാണ്. സൂപ്പര്‍ താരപദവിയില്‍ നിലനിന്നുപോകാന്‍ വിജയകാന്തിന് ഇനി ഒരു വിജയം അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് അദ്ദേഹം മലയാളത്തിലേക്ക് തിരിഞ്ഞത്.

മലയാളി സംവിധായകന്‍ സിദ്ദിഖ് തന്നെയാണ് ഈ വിജയകാന്ത് ചിത്രവും സംവിധാനം ചെയ്യുന്നത്. വിജയകാന്തിനു പുറമെ കാര്‍ത്തികും ഒരു പ്രധാനവേഷം അഭിനയിക്കുന്നു.

പാര്‍ത്ഥിപന്‍ ആണ് തന്റെ നിലനില്പിന് മലയാളത്തിന്റെ സഹായം തേടുന്ന മറ്റൊരു തമിഴ്താരം. ജയറാം നായകനായ, ശരാശരി വിജയം നേടിയ എന്റെ വീട് അപ്പൂന്റേം... എന്ന ചിത്രമാണ് പാര്‍ത്ഥിപന്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ പേര് കണ്ണാടിപ്പൂക്കള്‍.

മമ്മൂട്ടി നായകനായി ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളവും തമിഴില്‍ റീമേക്ക് ചെയ്യുമെന്ന് കേള്‍ക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളില്‍ ഒരു പിടി മലയാള സിനിമകളാണ് തമിഴില്‍ റീമേക്ക് ചെയ്തത്- ഫ്രണ്ട്സ്, സുന്ദര ട്രാവല്‍സ്, ലേസ ലേസ, മിലിട്ടറി എന്നിവ ഇതില്‍ ചിലതാണ്. സിദ്ദിഖ് സംവിധാനം ചെയ്ത, ജയറാം നായകനായ ഫ്രണ്ട്സ് മലയാളത്തില്‍ വന്‍വിജയമായിരുന്നു. തമിഴിലും സിദ്ദിഖ് തന്നെയാണ് ഫ്രണ്ട്സ് സംവിധാനം ചെയ്തത്. നായകന്‍ വിജയ്. ഈ പറക്കും തളിക എന്ന ദിലീപ് ചിത്രമാണ് തമിഴില്‍ സുന്ദര ട്രാവല്‍സ് എന്ന പേരില്‍ നിര്‍മ്മിച്ചത്. വിക്രം നായകനായ കാശി എന്ന ചിത്രം വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്കാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേസ ലേസ എന്ന ചിത്രം സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ജയറാം നായകനായ ചിത്രത്തിന്റെ റീമേക്കായിരുന്നു. ഹിറ്റ്ലര്‍ എന്ന മമ്മൂട്ടി ചിത്രം മിലിറ്ററി എന്ന പേരിലാണ് തമിഴില്‍ റീമേക്ക് ചെയ്തത്. നായകനായത് സത്യരാജ്.

മലയാളത്തിലെ ഡസന്‍കണക്കിന് താരങ്ങളും സാങ്കേതികവിദഗ്ധരും തമിഴില്‍ എത്തുകയാണ്. ജയറാം, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, മീരാ ജാസ്മിന്‍ എന്ിവരുടെ വിജയം മലയാളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് തമിഴില്‍ ചേക്കേറാന്‍ ആത്മധൈര്യം നല്കുന്നു. ഇപ്പോള്‍ മലയാള നായിക നവ്യാനായരും തമിഴില്‍ അരങ്ങേറുകയാണ്. ഷാജി കൈലാസും വിനയനും സിദ്ദിഖും തമിഴില്‍ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഷാജിയും സിദ്ദിഖും വിജയം കൊയ്തപ്പോള്‍ വിനയന്‍ പരാജയപ്പെട്ടു. എന്തായാലും മലയാളം തമിഴ്സിനിമയുടെ തിരിച്ചുവരവിന് കളമൊരുക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിയ്ക്കണം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X