അച്ഛന്‍ ഉറങ്ങാത്ത വീട്
അച്ഛന്‍ ഉറങ്ങാത്ത വീട്
ഒക്ടോബര്‍ 7, 2005
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു.
ആദ്യമായാണ് പൃഥ്വിരാജ് ലാല്‍ ജോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപ്, സുരേഷ് ഗോപി, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളെ മാത്രം അണിനിരത്തി ചിത്രങ്ങളെടുത്തിട്ടുള്ള ലാല്‍ജോസ് തന്റെ പതിവുരീതിയില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ഒരുക്കുന്നത്.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് മൂന്ന് പെണ്‍മക്കളെ സ്വന്തം നിലയില്‍ വളര്‍ത്തേണ്ടി വന്ന ഒരാളുടെ കഥയാണ് അച്ഛന്‍ ഉറങ്ങാത്ത വീട് പറയുന്നത്. ക്രിസ്ത്യാനിയായ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്ന യുവാവ് അവളെ വിവാഹം ചെയ്യുന്നതിനായി മതം മാറി സാമുവല്‍ എന്ന പേര് സ്വീകരിച്ചു. എന്നാല്‍ മതം മാറിയിട്ടും സാമുവലിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവും വിവാഹിതരായി. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് പ്രതികൂല സാഹചര്യങ്ങളോടേറ്റുമുട്ടി മൂന്ന് പെണ്‍കുട്ടികളെ വളര്‍ത്തുന്ന സാമുവല്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കാതല്‍.
സംവൃതയാണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, ഇന്ദ്രജിത്ത്, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, മധു വാര്യര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ബാബു ജനാര്‍ദനനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം അലക്സ് പോള്‍. ഛായാഗ്രഹണം അജിത്. ഗൃഹമിത്രയുടെ ബാനറില്‍ റജി പുത്തേഴത്താണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications