twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശങ്കരാടി അന്തരിച്ചു

    By Staff
    |

    ശങ്കരാടി അന്തരിച്ചു
    ഒക്ടോബര്‍ 09, 2001

    കൊച്ചി: ചലച്ചിത്രനടന്‍ ശങ്കരാടി അന്തരിച്ചു. 77 വയസ്സായിരുന്നു. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച രാത്രി ചെറായിയിലെ ശങ്കരാടി തറവാട്ടിലായിരുന്നു അന്ത്യം. മൂന്നു മാസത്തോളമായി രോഗബാധിതനായി കിടപ്പിലായിരുന്നു. ശാരദയാണ് ഭാര്യ. മക്കളില്ല.

    മരണസമയത്ത് ഭാര്യയും മറ്റ് ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. ശവസംസ്കാരം ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച ഉച്ചയ്ക്ക് ചെറായിയിലെ വീട്ടുവളപ്പില്‍ നടക്കും.

    നടന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി തറവാട്ടുപേരിലാണ് മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്.

    പറവൂര്‍ മേമന പരമേശ്വരന്‍ പിള്ളയുടെയും തോപ്പില്‍ പറമ്പില്‍ ജാനകിയമ്മയുടെ മൂത്തമകനാണ് ചന്ദ്രശേഖരന്‍ നായര്‍. യൗവനത്തില്‍ മുഴുവന്‍ അവിവാഹിതനായിക്കഴിഞ്ഞ ശങ്കരാടി 1982ലാണ് വിവാഹിതനായത്. അതിനു ശേഷം കടവന്ത്ര ചെറുപറമ്പത്തുള്ള ഭാര്യവീട്ടിലായിരുന്നു താമസം.

    നാല്പതുകളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി. മറ്റൊരു സ്കൂളില്‍ ചേര്‍ന്ന് പഠിച്ച ശങ്കരാടി ചന്ദ്രശേഖരമേനോന്‍ എറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. ബറോഡയില്‍ നിന്ന് മറൈന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.

    ബറോഡയില്‍ വച്ച് തൊഴിലാളികളെ സംഘടിപ്പിച്ച ശങ്കരാടി പതുക്കെ കമ്യൂണിസ്റ് പാര്‍ട്ടിപ്രവര്‍ത്തനം തുടങ്ങി. പഠനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായി. രാഷ്ട്രീയപ്രവര്‍ത്തനനത്തിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതിനിടയില്‍ മുംബൈയിലേക്ക് വണ്ടികയറിയ അദ്ദേഹം അവിടെ കുറെക്കാലം പത്രപ്രവര്‍ത്തകനായി. വീണ്ടും എറണാകുളത്ത് തിരിച്ചെത്തി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു.

    ഇക്കാലത്താണ് പി.ജെ. ആന്റണിയുമായി അടുപ്പത്തിലാവുകയും നാടകരംഗത്ത് എത്തുകയും ചെയ്യുന്നത്. കുഞ്ചാക്കോയുമായി ഉണ്ടാക്കിയ പരിചയം സിനിമാ ജീവിതത്തിലേക്കുള്ള ചുവടുവപ്പായി. കടലമ്മ എന്ന സിനിമയില്‍ സത്യന്റെ അച്ഛനായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് അവസരങ്ങള്‍ ശങ്കരാടിയെ തേടിയെത്തി. ഒരു കാലത്തെ ഹാസ്യവസന്തമായ അടൂര്‍ ഭാസി, ബഹദൂര്‍, എസ്.പി. പിള്ള, ശങ്കരാടി സഖ്യം രൂപപ്പെടുന്നത് ഇങ്ങനെയാണ്.

    ഹാസ്യനടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം സത്യന്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെയുള്ള നടന്മാരോടൊന്നിച്ചഭിനയിച്ചു. 1969ലും 70ലും 71ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

    ശങ്കരാടിയുടെ മരണത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, മുരളി, ബാലചന്ദ്രമേനോന്‍, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, ഹരിഹരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X