വാളയാര്‍ പരമശിവമായി ദിലീപ്
വാളയാര്‍ പരമശിവമായി ദിലീപ്
ഒക്ടോബര്‍ 09, 2003
ദിലീപ് നായകനാവുന്ന ജോഷി ചിത്രത്തിന് വാളയാര്‍ ചെക്പോസ്റ് എന്ന് പേരിട്ടു. വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.
തന്റെ പതിവ് ശൈലിയില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് ദിലീപിന് വാളയാര്‍ ചെക്പോസ്റില്‍ അവതരിപ്പിക്കേണ്ടത്. അധോലോക ബന്ധമുള്ള കഥാപാത്രമാണ് വാളയാര്‍ പരമശിവം. ദിലീപും ജോഷിയും ഒന്നിക്കുമ്പോള്‍ ജോഷി പതിവ് ശൈലിയില്‍ തന്നെ. അതേ സമയം ദിലീപ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു വേഷത്തില്‍.
ജോഷിയുടെ പതിവ് ശൈലിയിലുള്ള ആക്ഷന്‍ ത്രില്ലറാണ് വാളയാര്‍ ചെക്പോസ്റ്. ഒരു ആക്ഷന്‍ ത്രില്ലറില്‍ ആദ്യമായി ദിലീപ് പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
പലതുകൊണ്ടും വാളയാര്‍ ചെക്പോസ്റ് ദിലീപിന്റെ കരിയറില്‍ അതീവ പ്രാധാന്യമുള്ള ചിത്രമാണ്. ഒരു ആക്ഷന്‍ ത്രില്ലറില്‍ നായകനായി അഭിനയിച്ച് വിജയിപ്പിക്കുക എന്ന വെല്ലുവിളിയാണ് ദിലീപ് നേരിടുന്നത്. തന്റെ ചിത്രങ്ങള്‍ ഒന്നൊന്നായി വന്‍വിജയം നേടുമ്പോഴും മാധ്യമങ്ങള്‍ ദിലീപിന് സൂപ്പര്‍താര പദവി നല്‍കാന്‍ മടിച്ചതിന്റെ കാരണം നമ്മുടെ ഇതുവരെയുള്ള സൂപ്പര്‍താരങ്ങളെ പോലെ സൂപ്പറായൊന്നും ദിലീപ് സ്ക്രീനില്‍ കാണിച്ചില്ലെന്നതാണ്. സൂപ്പറായി ചിലതൊക്കെ ചെയ്യാനുള്ള ഊഴമാണ് ദിലീപിന് ജോഷി ചിത്രത്തിലൂടെ കൈവന്നിരിക്കുന്നത്. അതില്‍ ദിലീപ് എത്രത്തോളം വിജയിക്കുന്നുവെന്നത് ദിലീപിന്റെ കരിയറിനെ നിര്‍ണയിക്കുന്ന ഘടകവുമായിരിക്കും.
കാവ്യാ മാധവന്‍ വീണ്ടും ദിലീപിന്റെ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. ഇന്ദ്രജിത്ത്,സലിംകുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സി ഐ ഡി മൂസയ്ക്ക് തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ക്യാമറ എസ്. കുമാര്‍. സ്വര്‍ഗചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications