twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐ.എം. വിജയന്‍ നായകനാകുന്ന ശാന്തം

    By Staff
    |

    ഐ.എം. വിജയന്‍ നായകനാകുന്ന ശാന്തം
    ഒക്ടോബര്‍ 10, 2000

    ഫുട്ബോളില്‍ കേരളത്തിന്റെ കറുത്ത മുത്തായ ഐ.എം. വിജയന്‍ ആദ്യമായി ഫീച്ചര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ശാന്തത്തിലാണ് വിജയന്‍ നായകവേഷം അവതരിപ്പിക്കുന്നത്.

    ഫീച്ചര്‍ ചിത്രത്തില്‍ ആദ്യമാണെങ്കിലും വിജയന് അഭിനയം പുതിയ കാര്യമല്ല. കാലോ ഹരിണ്‍ എന്ന ഡോക്യുമെന്ററിയില്‍ വിജയന്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.

    നിളാ നദീതീരത്താണ് ചിത്രത്തിന്റെ ആദ്യഷോട്ട് ചിത്രീകരിച്ചത്. തിരുനാവായ നാവാ മുകുന്ദക്ഷേത്രത്തിന് പടിഞ്ഞാറുള്ള ബ്രഹ്മാവിന്റെ മഠത്തില്‍ പൂജ നടത്തിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. കുട്ടമംഗലം കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജ.

    ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പി.വി. ഗംഗാധരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ മലയാള കുടുംബചിത്രങ്ങള്‍ മലയാളികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ഗൃഹലക്ഷ്മിയുടെ പുതിയ പരീക്ഷണമാണ് ശാന്തം.

    നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ പരമ്പരയില്‍ ആദ്യത്തേത്് കരുണം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയന്റെ ഫുട്ബോളിനേക്കാള്‍ അദ്ദേഹത്തിന്റെ മുഖമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ജയരാജ് പറയുന്നു. യൂണിവേഴ്സല്‍ അപ്പീലുള്ള ആ മുഖം മനസ്സില്‍ പതിഞ്ഞപ്പോള്‍ തന്നെ വിജയനെ നായകനാക്കി ഒരു ചിത്രം ഒരുക്കണമെന്ന് ആഗ്രഹം തോന്നി. അത് ശാന്തത്തിലായത് യാദൃച്ഛികം മാത്രം, ജയരാജ് പറയുന്നു.

    രണ്ട് അമ്മമാരുടെയും ഒരു കുറ്റവാളിയുടെയും മാനസികസംഘര്‍ഷത്തിന്റെ കഥയാണ് ശാന്തം. അമ്മമാരില്‍ വിജയന്റെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നത് ബാന്‍ഡിറ്റ് ക്വീനില്‍ അഭിനയിച്ച സീമാ ബിശ്വാസാണ്. മറ്റൊരു അമ്മയുടെ വേഷം കെ.പി.എ.സി. ലളിതയും അവതരിപ്പിക്കുന്നു. കലാമണ്ഡലം ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. മാടമ്പ് കുഞ്ഞുക്കുട്ടന്‍, പെരിങ്ങോട് ചിത്രഭാനു, കൈതപ്രം, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി വി.ടി. കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

    പി. സുരേഷ് കുമാറിന്റെ കഥയ്ക്ക് മാടമ്പ് കുഞ്ഞുക്കുട്ടന്‍ തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നു. ക്യാമറ രവിവര്‍മ്മന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X