ഗോപിക സജീവമാവുന്നു
ഗോപിക സജീവമാവുന്നു
ഒക്ടോബര്‍ 10, 2004
സൂപ്പര്‍ ഹിറ്റായ ഫോര്‍ ദി പീപ്പിളിലെ നായിക ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തില്‍ സജീവമാവുന്നു.
ലജ്ജാവതിയേ.. ഗാനത്തിനൊപ്പം ഗാനരംഗത്തില്‍ ചുവടുകള്‍ വച്ച നായികയും പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചെങ്കിലും ഗോപികക്ക് ഉടന്‍ മലയാളത്തില്‍ ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ രണ്ട് ചിത്രങ്ങളിലെ നായികാവേഷത്തിലൂടെ ഗോപിക മലയാളത്തിലെ സജീവസാന്നിധ്യമാവുന്നു.
തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഓട്ടോഗ്രാഫില്‍ നായികയായി അഭിനയിച്ച ഗോപികക്ക് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഒരേ സമയം സൂപ്പര്‍ഹിറ്റായ മലയാളത്തിലെയും(ഫോര്‍ ദി പീപ്പിള്‍) തമിഴിലെയും(ഓട്ടോഗ്രാഫ്) രണ്ട് ചിത്രങ്ങളിലെ നായികയെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഗോപിക.
വി. എം. വിനു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വേഷം, നവാഗത സംവിധായകനായ സന്തോഷ് സത്യ ഒരുക്കുന്ന ആകാശത്തോളം എന്നീ മലയാളചിത്രങ്ങളിലാണ് ഗോപിക നായികയാവുന്നത്. വേഷത്തില്‍ മൂന്ന് നായികമാരില്‍ ഒരാളാണ് ഗോപിക. മോഹിനിയും സിന്ധുമേനോനുമാണ് മറ്റ് രണ്ട് നായികമാര്‍. ഫോര്‍ ദി പീപ്പിളില്‍ അടിപൊളി ഗാനത്തിനൊപ്പം ചടുലമായി നൃത്തം വയ്ക്കുന്ന കോളജ് കുമാരിയായാണ് ഗോപിക പ്രത്യക്ഷപ്പെട്ടതെങ്കില്‍ വേഷത്തില്‍ ഇന്ദ്രജിത്തിന്റെ ഭാര്യയായി ഒരു കുടുംബിനിയുടെ റോളിലാണ് അഭിനയിക്കുന്നത്.
ഗോപിക നായികയാവുന്ന ആകാശത്തോളം എന്ന ചിത്രത്തില്‍ സംവിധായകന്‍ രാജീവ് മേനോനാണ് നായകന്‍. പത്മരാജന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് സത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാര്‍ഥിപന്‍, പശുപതി, റിയാസ്ഖാന്‍, സായികുമാര്‍, സലിംകുമാര്‍, സുകന്യ, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
തുളസീദാസിന്റെ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യചിത്രം പരാജയപ്പെട്ടതിന് ശേഷം ഗോപികക്ക് അടുത്ത അവസരത്തിനായി ഒരു ചെറിയ ഇടവേള കാത്തിരിക്കേണ്ടിവന്നു. രണ്ടാമത്തെ മലയാളചിത്രമായ ഫോര്‍ ദി പീപ്പിള്‍ വിജയിച്ചെങ്കിലും ആ ചിത്രത്തിന് ശേഷവും മറ്റൊരു ചെറിയ ഇടവേള കഴിഞ്ഞാണ് ഗോപികയെ പുതിയ അവസരങ്ങള്‍ തേടിയെത്തുന്നത്.


Click it and Unblock the Notifications