മീരക്ക് പകരം മിന്നു
മീരക്ക് പകരം മിന്നു
ഒക്ടോബര്‍ 11, 2003
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ മീരാ ജാസ്മിന് പകരം തമിഴ് നടിയായ മിന്നു നായികയാവുന്നു.
അവസാന നിമിഷം മീരാ ജാസ്മിന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ചിത്രത്തില്‍ മിന്നുവിനെ നായികയായി നിശ്ചയിച്ചത്. തമിഴിലെ ഹിറ്റ് ചിത്രമായ തിരുടി തിരുടിയിലെ നായികയായി ശ്രദ്ധേയായ സുഖി മിന്നുവെന്ന് പേര് മാറ്റിയാണ് മലയാളത്തിലെത്തുന്നത്. കന്നഡയില്‍ പത്തോളം ചിത്രങ്ങളില്‍ നേരത്തെ മിന്നു അഭിനയിച്ചിട്ടുണ്ട്.
വ്യത്യസ്തമായ ഒരു പ്രണയകഥയാണ് മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ വി. കെ. പ്രകാശ് പറയുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.
കലാകാരനായ ഷെല്ലിയുടെയും രാജശ്രീയുടെയും പ്രണയത്തിന്റെ കഥയാണ് മുല്ലവളളിയും തേന്മാവും. ഉറ്റവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടി കഴിയുന്നവരാണ് ഷെല്ലിയും രാജശ്രീയും. വിദൂരദേശത്തെത്തിയ അവര്‍ക്ക് തുണയായത് ഡോ. അലക്സും ഭാര്യയുമാണ്. ഡോക്ടറുടെ ശുപാര്‍ശയുടെ ഫലമായി വിനോദസഞ്ചാര കോര്‍പ്പറേഷന്റെ ഒരു ശില്പം നിര്‍മിക്കാന്‍ അലക്സിന് അവസരം ലഭിച്ചു. എന്നാല്‍ ശില്പനിര്‍മാണവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായി.
ചില കാരണങ്ങളാല്‍ ഷെല്ലിക്ക് ഈ ശില്പം പൂര്‍ത്തിയാക്കാനായില്ല. അത് പൂര്‍ത്തിയാക്കാനെത്തിയത് മറ്റൊരു ശില്പിയാണ്. ഇതിനിടയിലുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.
ഷെല്ലിയായി കുഞ്ചാക്കോ ബോബനും രാജശ്രീയായി മിന്നുവും അഭിനയിക്കുമ്പോള്‍ ശില്പം പൂര്‍ത്തിയാക്കാനെത്തുന്ന ശില്പിയെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്.
ലാലു അലക്സ്, ശ്രീവിദ്യ, അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം നിര്‍മിക്കുന്ന വിന്ധ്യനാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതത്തിന് അതീവപ്രാധാന്യമുള്ള ചിത്രമാണിത്. തമിഴില്‍ പേരെടുത്ത ഛായാഗ്രാഹകനായ തിരുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications