ഒടുവില്‍ പൃഥ്വിയ്ക്ക് സൂപ്പര്‍ഹിറ്റ് അനുഗ്രഹം
മൂന്ന് വര്‍ഷത്തിലേറെയായി പൃഥ്വിരാജ് സിനിമയില്‍ വന്നിട്ട്. ആദ്യചിത്രം നന്ദനം വിജയമായെങ്കിലും അനിയത്തിപ്രാവ് എന്ന സൂപ്പര്‍ഹിറ്റിലൂടെ കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നടത്തിയ അരങ്ങേറ്റം പോലായിരുന്നില്ല പൃഥ്വിരാജിന്റേത്.
നായികാപ്രധാനമായ നന്ദനത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പൃഥ്വിരാജിന് അവകാശപ്പെടാനാവുമായിരുന്നില്ല. പിന്നീട് വലിയ വിജയങ്ങളൊന്നും പൃഥ്വിരാജിനെ തുണച്ചുമില്ല. എന്നിട്ടും മൂന്ന് വര്‍ഷത്തിലേറെയായി മലയാളത്തില്‍ സജീവമായി നിന്നത് ഇത്തിരി ഭാഗ്യവും അതിലേറെ കഴിവ് കൊണ്ടുമായിരുന്നു.
ഏതായാലും കാത്തിരുന്ന വിജയം ഒടുവില്‍ പൃഥ്വിരാജിനെ തേടിയെത്തി. അഭിമുഖങ്ങളില്‍ സൂപ്പര്‍താരങ്ങളെ വെല്ലുവിളിക്കാന്‍ പോലും ചങ്കൂറ്റം കാണിച്ച പൃഥ്വിരാജിന് തന്റെ നിലപാടുകള്‍ക്കു ചേര്‍ന്ന വിജയമായി ക്ലാസ്മേറ്റ്സിന്റേത്. കരിയറില്‍ എടുത്തു പറയാന്‍ ആദ്യമായി ഒരു സൂപ്പര്‍ഹിറ്റ്.
പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളുമായി മലയാള സിനിമക്ക് മുന്നോട്ടുപോകാനാവില്ലെന്നും അക്കാലത്തേക്കായി പുതിയ താരങ്ങളെ ഇപ്പോഴേ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ലാസ്മേറ്റ്സ് തീര്‍ച്ചയായും പൃഥ്വിരാജിന്റെ നിരീക്ഷണത്തോട് ചേര്‍ത്തുവയ്ക്കാവുന്ന ചിത്രമാണ്. നാളത്തേക്കായി ചില താരങ്ങളെ ഈ ചിത്രത്തില്‍ കാണാം- പൃഥ്വിരാജ്, നരേന്‍...
സൂപ്പര്‍ഹിറ്റുകള്‍ അനുഗ്രഹിച്ചില്ലെങ്കിലും കരിയറില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത നടനാണ് പൃഥ്വിരാജ്. താരസംഘടനയായ അമ്മയുമായി കൊമ്പുകോര്‍ത്തതിന്റെ പേരില്‍ ആറു മാസം വീട്ടിലിരിക്കേണ്ടി വന്നെങ്കിലും പിന്നീടുള്ള തിരിച്ചുവരവ് ഒരു പിടി സിനിമകളുമായിട്ടായിരുന്നു. ഇപ്പോള്‍ കാത്തിരുന്ന സൂപ്പര്‍ഹിറ്റ് പൃഥ്വിരാജിനെ തേടിയെത്തി.
ലാല്‍ ജോസ് എന്ന സംവിധായകന്റെയും കരുത്തുറ്റ തിരക്കഥയുടെയും ഒരു യുവകൂട്ടായ്മയുടെയും വിജയമാണെങ്കിലും ക്ലാസ്മേറ്റ്സിലെ നായകനായ പൃഥ്വിരാജിന് ഈ ചിത്രം കരിയറില്‍ നല്‍കുന്ന ഊര്‍ജം കുറച്ചൊന്നുമായിരിക്കില്ല. ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷം കിട്ടിയ ഈ സൂപ്പര്‍ഹിറ്റ് പൃഥ്വിയുടെ താരമൂല്യത്തിന് കൂടുതല്‍ തിളക്കമേകുകയാണ്.


Click it and Unblock the Notifications