മമ്മൂട്ടി തലയ്ക്കല്‍ ചന്തു
വടക്കന്‍ വീരഗാഥയിലെ പയ്യംവെള്ളി ചന്തു മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നായിരുന്നു. പയ്യംവെള്ളി ചന്തുവിനെ വീണ്ടു പുനര്‍ജനിപ്പിക്കാന്‍ മമ്മൂട്ടിയും ഹരിഹരനും എം.ടിവാസുദേവന്‍ നായരും വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വടക്കന്‍ വീരഗാഥയുടെ രണ്ടാം ഭാഗമായി പയ്യംവള്ളി ചന്തു എന്ന പേരില്‍ പുതിയ ചിത്രമൊരുക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചന്തുവിനെയാണ് ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ഹരിഹരനും എം.ടിയും അടര്‍ത്തിയെടുക്കുന്നത്.
പഴശിരാജയുടെ വലംകൈയായിരുന്ന തലയ്ക്കല്‍ ചന്തു എന്ന ധീരയോദ്ധാവിനെ കുറിച്ചാണ് ചിത്രം. ചിത്രത്തിന്റെ പേര് തലയ്ക്കല്‍ ചന്തു എന്നു തന്നെ. ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശി രാജാവിനോടൊപ്പം പോരാട്ടം നടത്തിയ തലയ്ക്കല്‍ ചന്തുവിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് ചിത്രമൊരുക്കുന്നത്.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുക്കുന്ന ചിത്രമെന്ന ഖ്യാതി ഇനി ഒരു പക്ഷേ തലയ്ക്കല്‍ ചന്തുവിനായിരിക്കും. ആറ് കോടിയോളം രൂപയാണ് ചിത്രത്തിന് ബജറ്റ് കണക്കാക്കിയിരിക്കുന്നത്.
ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായാണ് ഗോകുലം ഗോപാലന്‍ സിനിമാ നിര്‍മാണ രംഗത്തെത്തുന്നത്. വിതരണം സ്വര്‍ഗചിത്ര അപ്പച്ചന്‍. ഛായാഗ്രണം രവി വര്‍മന്‍. സംഗീതം ഇളയരാജ.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 15ന് കണ്ണൂരില്‍ ആരംഭിക്കും. വിശദമായ താരനിര്‍ണയം നടന്നുവരുന്നതേയുള്ളൂ. 2007 വിഷുവിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.


Click it and Unblock the Notifications