twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാഫി ചിത്രം തേവരത്തെരുവ്

    By Staff
    |

    ഷാഫി ചിത്രം തേവരത്തെരുവ്
    ഒക്ടോബര്‍ 14, 2003

    കല്യാണരാമന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തേവരത്തെരുവ് എന്ന് പേരിട്ടു. ജയസൂര്യയും കാവ്യാ മാധവനുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍.

    ഹനുമാന്‍ ജംഗ്ഷന്‍ എന്നാണ് ചിത്രത്തിന് ആദ്യം പേര് നിശ്ചയിച്ചിരുന്നത്. ഈ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് വി എച്ച് പി മുന്നോട്ടുവന്നതോടെ പേര് മാറ്റാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

    വണ്‍മാന്‍ഷോ, കല്യാണരാമന്‍ എന്നീ മുന്‍ചിത്രങ്ങള്‍ പോലെ ആദ്യന്തം നര്‍മപ്രധാനമായാണ് ഷാഫി തേവരത്തെരുവ് ഒരുക്കുന്നത്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സി ഐ ഡി മൂസയുടെ തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് തേവരത്തെരുവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

    വെടിക്കെട്ടുകാരനായ കരുണാണ് ഹരികൃഷ്ണനെ വളര്‍ത്തിയത്. ഒരിക്കല്‍ ഒരു വെടിക്കെട്ട് ദുരന്തത്തില്‍ നിന്ന് തന്നെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വലതുകൈ നഷ്ടപ്പെട്ട കരുണന്റെ വലംകൈയായി മുതിര്‍ന്നപ്പോള്‍ ഹരികൃഷ്ണന്‍. എഞ്ചിനീയറിംഗ് റാങ്കോടെ പാസായെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ കരുണന്റെ വെടിക്കെട്ട് ജോലിയാണ് ഹരികൃഷ്ണനും ചെയ്യുന്നത്.

    മുതിര്‍ന്നപ്പോള്‍ കരുണന്റെ കുടുംബബാധ്യതകള്‍ നിറവേറ്റേണ്ട ഉത്തരവാദിത്തം ഹരികൃഷ്ണന്റേതായി. കരുണന്റെ സഹോദരി ശ്രീക്കുട്ടിയുടെ വിവാഹത്തിന് വേണ്ട തുക കണ്ടെത്താനുള്ള ബദ്ധപ്പാടിലായി ഹരികൃഷ്ണന്‍.

    ഈ തുക കണ്ടെത്താന്‍ ബാങ്ക് വായ്പയെടുക്കാന്‍ ഹരികൃഷ്ണന്‍ തീരുമാനിച്ചു. വായ്പയ്ക്കായി ഒരു ബാങ്കില്‍ ചെന്നപ്പോഴാണ് ഗംഗ എന്ന പെണ്‍കുട്ടിയുമായി ഹരികൃഷ്ണന്‍ പരിചയപ്പെടുന്നത്. ഗംഗ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ രാഘവേന്ദ്ര സേട്ടിന്റെ മകളാണ് ഗംഗ.

    അവിടെവച്ച് ഹരികൃഷ്ണന്റെയും ഗംഗയുടെയും ഒരു പോലുള്ള മൊബൈലുകള്‍ പരസ്പരം മാറിപ്പോയി. ഇരുവര്‍ക്കും ലഭിക്കുന്ന കോളുകള്‍ അവരുടെ ജീവിതത്തില്‍ കൗതുകകരമായ മുഹൂര്‍ത്തങ്ങളുണ്ടാക്കി. ഒപ്പം ഒരു പ്രണയബന്ധത്തിന് അത് നിമിത്തമാവുകയും ചെയ്തു.

    ഹരികൃഷ്ണനെ ജയസൂര്യയും ഗംഗയെ കാവ്യാ മാധവനും അവതരിപ്പിക്കുമ്പോള്‍ കരുണനായി അഭിനയിക്കുന്നത് ലാലാണ്. രാഘവേന്ദ്ര സേഠിനെ ലാലു അലക്സ് അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, വിനു ചക്രവര്‍ത്തി, നിഷാന്ത് സാഗര്‍, കാര്‍ത്തിക, ഷാജു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

    കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസാണ്. യേശുദാസ്, ചിത്ര, അഫ്സല്‍, വിധു പ്രതാപ്, ജ്യോത്സ്യന എന്നിവര്‍ പാടുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. ഗോവിന്ദ് ഫിലിംസിന്റെ ബാനറില്‍ ഒ. പി. ഉണ്ണികൃഷ്ണനും പ്രേമാനന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X