എഴുത്തുകാരന്റെ കയ്യൊപ്പ്
മുമ്പൊരിക്കലും പറഞ്ഞിട്ടില്ലാത്ത കഥ. അതിലെ കഥാപാത്രം എന്റെ ഹൃദയത്തോട് ചേര്‍ന്നാണ് നില്‍ക്കുന്നത്- പറയുന്നത് മമ്മൂട്ടിയാണ്. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കയ്യൊപ്പ് എന്ന ചിത്രത്തെ കുറിച്ച്.
താന്‍ ഒരു എഴുത്തുകാരനാണെന്ന് സ്വയം തിരിച്ചറിയാനാവാതെ പോകുന്ന ബാലചന്ദ്രന്‍ എന്ന സാധാരണക്കാരനാണ് കയ്യൊപ്പിലെ കേന്ദ്രകഥാപാത്രം. അയാള്‍ ഒരു വളനിര്‍മാണ കമ്പനിയില്‍ ക്ലാര്‍ക്കാണ്. താനൊരു എഴുത്തുകാരനാണെന്ന് തിരിച്ചറിയുമ്പോഴേക്കും അക്ഷരങ്ങള്‍ അയാളുടെ മനസില്‍ നിന്ന് കൂടൊഴിഞ്ഞു പോയിരുന്നു.
നല്ലൊരു വായനക്കാരനായ ബാലചന്ദ്രന്‍ ഒരു പുസ്തക രചനയ്ക്കായി തുടക്കം കുറിച്ചു. എന്നാല്‍ അയാള്‍ക്ക് അത് പൂര്‍ത്തിയാക്കാനാവുന്നില്ല. എന്നാല്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ എഴുത്തിനു വേണ്ട അനുഭവത്തിന്റെ അസംസ്കൃത വസ്തുക്കള്‍ അയാള്‍ ഒരു സ്വരുക്കൂട്ടുകയായിരുന്നു. രോഗം ചികിത്സിച്ചു മാറ്റുന്നതിനായി സാമ്പത്തിക സഹായം തേടുന്ന ഒരു പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ അറിയുന്നത് അയാളുടെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറി. ഒരിക്കലും കാണാത്ത പെണ്‍കുട്ടിയോട് അയാള്‍ കാട്ടുന്ന അനുകമ്പയാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ മര്‍മം.
ബാലചന്ദ്രന്റെ പഴയൊരു സുഹൃത്തായ പത്മയായി കുശ്ബു വേഷമിടുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു രംഗം പോലും ചിത്രത്തിലില്ല. ടെലഫോണ്‍ വഴി നടക്കുന്ന സംഭാഷണങ്ങളിലൂടെയാണ് ഇരുവരും ബന്ധം പുതുക്കുന്നത്.
കിളിപ്പാട്ട് ബുക്ക് പബ്ലിഷര്‍ ശിവദാസനായി മുകേഷ് അഭിനയിക്കുന്നു. നെടുമുടി വേണു, മാമുക്കോയ, നീനാക്കുറുപ്പ്, കോഴിക്കോട് നാരായണന്‍ നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
തന്റെ മനസില്‍ ഏറെ കാലമായി ഈ കഥയുണ്ടായിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. മമ്മൂട്ടിക്ക് തിരക്കുകളറിയാവുന്നതു കൊണ്ട് ഈ ചിത്രത്തിനായി അദ്ദേഹത്തിന്റെ ഡേറ്റ് ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ കഥ കേട്ടപ്പോള്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ ഷൂട്ടിംഗിന് എത്രദിവസം വേണ്ടിവരുമെന്ന് മമ്മൂട്ടി ചോദിച്ചു. പത്ത് ദിവസം മാത്രം മതിയെന്ന് പറഞ്ഞപ്പോള്‍ സിനിമ ഉടന്‍ ചെയ്യാമെന്നായി അദ്ദേഹം. അങ്ങനെയാണ് ഈ ചിത്രം തുടങ്ങിയത്.


Click it and Unblock the Notifications