ദിലീപ് ചിത്രം പാണ്ടിപ്പട
ദിലീപ് ചിത്രം പാണ്ടിപ്പട
ഒക്ടോബര്‍ 18, 2004
ദിലീപിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പാണ്ടിപ്പട എന്ന് പേരിട്ടു.
രസികന്‍, കഥാവശേഷന്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ അഭിനയിക്കും. റാഫി മെക്കാര്‍ട്ടിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്റെ മുന്‍ചിത്രങ്ങള്‍ പോലെ പാണ്ടിപ്പടയും ഒരു നോണ്‍സ്റോപ്പ് കോമഡി സിനിമ ആയിരിക്കും.
ദിലീപ് ഇപ്പോള്‍ ടി. വി. ചന്ദ്രന്റെ കഥാവശേഷന്‍, ലാല്‍ ജോസിന്റെ രസികന്‍, കമലിന്റെ പെരുമഴക്കാലം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ്. ഇക്കൂട്ടത്തില്‍ കഥാവശേഷനാണ് ആദ്യം ചിത്രീകരണം ആരംഭിച്ചത്. പല ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണത്തിന് ശേഷം ദിലീപ് രസികന്റെ ലൊക്കേഷനിലെത്തി. രസികന്റെ ചിത്രീകരണം ഇടയ്ക്കുനിര്‍ത്തി കഥാവശേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ദിലീപ് ഇപ്പോള്‍. ദിലീപ് അതിഥിതാരമായി അഭിനയിക്കുന്ന പെരുമഴക്കാലത്തിലെ ഏതാനും രംഗങ്ങളിലും ദിലീപ് ഇതിനിടെ അഭിനയിച്ചു.
കഥാവേശഷനും രസികനും പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ്-റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. നവ്യാനായരെയാണ് ഈ ചിത്രത്തിലെ നായികയായി പരിഗണിക്കുന്നത്.
തെങ്കാശിപ്പട്ടണത്തിന് ശേഷം ദിലീപും റാഫി മെക്കാര്‍ട്ടിനും ഒന്നിക്കുന്ന ചിത്രമാണ് പാണ്ടിപ്പട. റാഫി മെക്കാര്‍ട്ടിന്റെ ഒടുവിലത്തെ ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റിരുന്ന ദിലീപ് പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് സംവിധായക ജോഡിയും ജനപ്രിയ നായകനും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തിന് വഴിവച്ചിരുന്നു. (ദിലീപിനെ മാറ്റി ജയസൂര്യയെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ ചതിക്കാത്ത ചന്തു സൂപ്പര്‍ഹിറ്റായപ്പോള്‍ ദിലീപ് ഏറെ പ്രതീക്ഷയോടെ അഭിനയിച്ച പ്രിയദര്‍ശന്‍ ചിത്രം വെട്ടം ബോക്സോഫീസ് തകര്‍ച്ചയെ നേരിട്ടുവെന്നത് കൗതുകകരമായി.) ഇപ്പോള്‍ പിണക്കത്തിന് അവധി കൊടുത്ത് ദിലീപ്- റാഫി മെക്കാര്‍ട്ടിന്‍ ടീം വീണ്ടും ഒന്നിക്കുകയാണ്.


Click it and Unblock the Notifications