സുരേഷ്ഗോപി-ഷാജികൈലാസ് ടീം വീണ്ടും
സുരേഷ്ഗോപി-ഷാജികൈലാസ് ടീം വീണ്ടും
ഒക്ടോബര്‍ 19, 2003
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. ഷാജി കൈലാസ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലൂടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന സുരേഷ് ഗോപി ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലും പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്.
ടൈഗര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എഫ് ഐ ആര്‍ ആണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ച ഷാജി കൈലാസ് ചിത്രം. ഇതിലും സുരേഷ് ഗോപി പൊലീസ് വേഷമാണ് ചെയ്തത്. പരാജയപ്പെട്ട എഫ് ഐ ആറിന് ശേഷം ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ക്ക് നീണ്ട ഇടവേളയായി.
തലസ്ഥാനം എന്ന ചിത്രത്തോടെ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രങ്ങളെടുത്തു തുടങ്ങിയ ഷാജി കൈലാസ് സുരേഷ് ഗോപിയെ നായകനാക്കിയുള്ള ചിത്രങ്ങളിലൂടെയാണ് ഹിറ്റ് മേക്കറായി പേരെടുത്തത്. ഏകലവ്യന്‍, കമ്മിഷണര്‍ എന്നീ ചിത്രങ്ങള്‍ സുരേഷ് ഗോപിയെ സൂപ്പര്‍താര പദവിയിലെത്തിക്കുകയും ചെയ്തു.
മീനയാണ് ടൈഗറിലെ നായിക. മിസ്റര്‍ ബ്രഹ്മചാരിക്ക് ശേഷം മീന നായികയാവുന്ന മലയാള ചിത്രമാണിത്. ജഗതി ശ്രീകുമാര്‍, തിലകന്‍, മുരളി, സിദ്ദിക്ക്, കൊല്ലം തുളസി, ലളിത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
ബി. ഉണ്ണിക്കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഷാജി കൈലാസിന്റെ ശിവത്തിന്റെ തിരക്കഥ ഒരുക്കിയതും ബി. ഉണ്ണിക്കൃഷ്ണനായിരുന്നു.
വെല്‍ഗേറ്റ് സിനിമാഫോക്സിന്റെ ബാനറില്‍ കെ. പി. വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 24ന് തുടങ്ങും.


Click it and Unblock the Notifications











