മംമ്തയ്ക്ക് തിരക്കേറുന്നു
മംമ്തയ്ക്ക് തിരക്കേറുന്നു
ഒക്ടോബര്‍ 20, 2005
ആദ്യചിത്രം ഇതുവരെ പ്രദര്‍ശനത്തിനെത്തിയില്ലെങ്കിലും മംമ്തയ്ക്കു മലയാളത്തില്‍ തിരക്കേറുന്നു. റംസാനു റിലീസ് ചെയ്യുന്ന മയൂഖത്തിനു ശേഷം മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളിലൂടെ മംമ്ത മലയാളത്തില്‍ സ്ഥാനമുറപ്പിക്കുകയാണ്.
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് മംമ്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയതാണെങ്കിലും മയൂഖം ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. എന്നാല്‍ റംസാന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ഗാനരംഗങ്ങളും ഇതിനകം ടിവിയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ചുകഴിഞ്ഞു; ഒപ്പം മംമ്തയും. ആദ്യചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ മംമ്തയെ തേടി കൂടുതല്‍ അവസരങ്ങളെത്തുകയും ചെയ്തു.
ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളിയായ മംമ്ത പ്രണയകഥ പറയുന്ന മയൂഖത്തിലെ പുതുമുഖ നായകനോടൊപ്പമാണ് നായികയായി സിനിമയില്‍ തുടക്കമിട്ടത്. ഇപ്പോള്‍ മമ്മൂട്ടി ചിത്രം ബസ് കണ്ടക്ടറില്‍ അഭിനയിച്ചുവരികയാണ് മംമ്ത. ഈ ചിത്രത്തില്‍ മംമ്തയ്ക്കു മമ്മൂട്ടിയുടെ സഹോദരിയുടെ വേഷമാണ്.
തന്റെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച മംമ്തയുടെ പുതിയ ചിത്രമാണ് കാക്കി. മംമ്ത നായികയാവുന്ന രണ്ടാമത്തെ ചിത്രം. പൃഥ്വിരാജാണ് നായകന്‍.
അമ്മകിളിക്കൂടിനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജിനെയും മംമ്തയെയും കൂടാതെ ജഗദീഷ്, സലിംകുമാര്‍, ദേവന്‍, കൊച്ചിന്‍ ഹനീഫ, രാജീവ് മേനോന്‍, കുഞ്ചന്‍, ആനന്ദ്, ഭീമന്‍ രഘു, റോസ്ലിന്‍, അംബികാമോഹന്‍ എന്നിവരും അഭിനയിക്കുന്നു. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ശ്രീറാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം വിശാല്‍സിഹ്ന.
ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും കോഴിക്കോട് നടന്നു. സംവിധായകന്‍ ഹരിഹരന്‍ ഭദ്രദീപം തെളിയിച്ചു.


Click it and Unblock the Notifications