twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയത്തിന്റെ കാഴ്ച

    By Staff
    |

    വിജയത്തിന്റെ കാഴ്ച
    ഒക്ടോബര്‍ 21, 2004

    ഓണച്ചിത്രങ്ങളില്‍ കാഴ്ചയുടെ വിജയം അമ്പരിപ്പിക്കുന്നതാണ്. പരസ്യങ്ങളുടെ വന്‍ആര്‍ഭാടങ്ങളോ വലിയ അവകാശവാദങ്ങളോ ഇല്ലാതെ നിശബ്ദമായി എത്തിയ ഈ ചിത്രമാണ് ഓണച്ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം കൊയ്തത്. റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഈ ചിത്രം 50-ാം ദിവസം പിന്നിട്ട് പ്രദര്‍ശനം തുടരുമ്പോള്‍ മറ്റ് ഓണച്ചിത്രങ്ങള്‍ പല തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടു കഴിഞ്ഞു.

    മമ്മൂട്ടി ചിത്രമാണെങ്കിലും മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിനോ ദിലീപ്-പ്രിയദര്‍ശന്‍ ചിത്രമായ വെട്ടത്തിനോ ലഭിച്ച പബ്ലിസിറ്റി കാഴ്ചക്ക് ലഭിച്ചിരുന്നില്ല. വലിയ കൊട്ടിഘോഷങ്ങളോടെ എത്തിയ മറ്റ് രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് മിക്കവാറും നിശബ്ദമായ ഒരു കടന്നുവരവായിരുന്നു കാഴ്ചയുടേത്. ഓണദിവസം തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തെ ആദ്യദിവസങ്ങള്‍ പ്രേക്ഷകര്‍ കാര്യമായി ഗൗനിച്ചിരുന്നില്ലെന്നതാണ് സത്യം.

    മമ്മൂട്ടി ചിത്രമാണെങ്കിലും മറ്റ് ഓണച്ചിത്രങ്ങള്‍ക്കിടയില്‍ ആക്ഷനോ സ്ഥിരം ശൈലിയിലുള്ള കോമഡിയോ നെടുനീളന്‍ സംഭാഷണങ്ങളോ ഇല്ലാത്ത ഒരു പാവം ചിത്രത്തിന്റെ പരിവേഷമായിരുന്നു കാഴ്ചക്ക്. മേല്‍പ്പറഞ്ഞതൊക്കെയാണ് ഒരു ചിത്രം വിജയിക്കാന്‍ വേണ്ടതെന്ന് ധരിക്കുന്നവര്‍ക്കിടയില്‍ ഈ ചിത്രം ആദ്യം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ജീവിതഗന്ധിയായ കഥ പറയുന്ന കാഴ്ചയുടെ വ്യത്യസ്തത പതുക്കെ പ്രേക്ഷകരെ ആകര്‍ഷിക്കുകയായിരുന്നു.

    കെട്ടുകാഴ്ചകളായി മാറുന്ന സിനിമകള്‍ക്കിടയില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിന്റെ പ്രത്യേകത കൊണ്ടും കഥയിലെ പുതുമ കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടത്. ആദ്യദിവസങ്ങളില്‍ ഹൗസ്ഫുള്ളായി ഓടിയ വന്‍ബജറ്റ് ചിത്രങ്ങള്‍ക്ക് അധികം താമസിയാതെ പ്രേക്ഷകരില്ലാതായപ്പോള്‍ കാഴ്ചക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ഈ പ്രത്യേകതകള്‍ മൂലമായിരുന്നു.

    രണ്ടര കോടിയോളം മുടക്കി നിര്‍മിച്ച വെട്ടവും ഒന്നര കോടി ചെലവഴിച്ച് ഒരുക്കിയ സത്യവും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും കഴിയാതെ ബോക്സോഫീസില്‍ മൂക്കുംകുത്തി വീണപ്പോഴാണ് കാഴ്ച എന്ന ലോബജറ്റ് ചിത്രം അപ്രതീക്ഷിതമായ വിജയം കൊയ്തത്. കുടുംബപ്രേക്ഷകരാണ് ഈ ചിത്രത്തെ പ്രധാനമായും വിജയപദത്തിലെത്തിച്ചത്.

    നവാഗത സംവിധായകനായ ബ്ലെസ്സി ഈ ചിത്രത്തിലൂടെ സൂപ്പര്‍താരമായി എന്നത് കൗതുകകരമാണ്. അടുത്ത കാലത്തൊന്നും ഒരു നവാഗത സംവിധായകന് ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടില്ല. കാമ്പുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് എന്നായാലും തന്റെ സാന്നിധ്യം പ്രേക്ഷകനെ അറിയിക്കാനാവും എന്നതിന് തെളിവാണ് പതിനഞ്ചു വര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷം ആദ്യചിത്രത്തിലൂടെ ബ്ലെസ്സിക്ക് ലഭിക്കുന്ന ഈ അംഗീകാരം.

    കാഴ്ചയിലെ പവന്‍ എന്ന കുട്ടിയെ അവതരിപ്പിച്ച ഗുജറാത്തി ബാലനായ യാഷിനെയും മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനുഷയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. ഒപ്പം മമ്മൂട്ടിക്കും നായികയായി അഭിനയിച്ച പത്മപ്രിയക്കും പ്രേക്ഷകരുടെ നീണ്ട കൈയടി. അങ്ങനെ നല്ല ചിത്രങ്ങളെ എന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിന് തെളിവാകുന്നു കാഴ്ച.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X