twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവനായകര്‍ ഇനി ഉപനായകര്‍

    By Staff
    |

    യുവനായകര്‍ ഇനി ഉപനായകര്‍
    ഒക്ടോബര്‍ 21, 2005

    യുവനായക തരംഗം സൂപ്പര്‍താരങ്ങള്‍ക്കു പോലും വെല്ലുവിളിയാവുന്നുവെന്ന ധാരണ പരന്ന ഇടക്കാലത്ത് മലയാളത്തിലെ പുതിയ യുവതാരങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച സമയമായിരുന്നു. എന്നാല്‍ ആ ധാരണ തിരുത്തപ്പെടുകയും സൂപ്പര്‍താര ആധിപത്യം കൂടുതല്‍ ശക്തമായി തിരിച്ചെത്തുകയും ചെയ്തതോടെ യുവനായകരുടെ കഷ്ടകാലം തുടങ്ങി. അവസരങ്ങള്‍ തീരെ കുറഞ്ഞപ്പോള്‍ നായകനായേ അഭിനയിക്കൂവെന്ന വാശി ഉപേക്ഷിക്കാന്‍ യുവതാരങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

    കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ജിഷ്ണു തുടങ്ങിയ യുവതാരങ്ങള്‍ക്ക് രണ്ടു വര്‍ഷം മുമ്പുവരെ കൈനിറയെ അവസരങ്ങളുണ്ടായിരുന്ന സുവര്‍ണകാലം ഇപ്പോള്‍ ഓര്‍മ മാത്രമാണ്. നായകനായി മാത്രം അഭിനയിച്ചിട്ടുള്ള, ഇരട്ടനായകരില്‍ ഒരാളായി വേഷമിടാന്‍ പോലും വിരളമായി മാത്രം സമ്മതം മൂളിയിട്ടുള്ള കുഞ്ചാക്കോ ബോബനെ പോലുള്ള നടന്‍മാര്‍ പഴയ നിബന്ധനകളും ശാഠ്യങ്ങളും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണെത്തിയിരിക്കുന്നത്. നായകരായി അഭിനയിക്കാന്‍ അവസരം ലഭിക്കാതായതോടെ ഉപനായകവേഷമാവാം എന്ന വിട്ടുവീഴ്ചയ്ക്ക് യുവതാരങ്ങള്‍ തയ്യാറായിരിക്കുന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ഉപനായക വേഷമിട്ടെങ്കിലും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ചാക്കോച്ചനുള്‍പ്പെടെയുള്ള യുവതാരങ്ങള്‍.

    ഇരുവട്ടം മണവാട്ടി, ജൂനിയര്‍ സീനിയര്‍, ഫൈവ് ഫിംഗേഴ്സ് തുടങ്ങിയ ഏതാനും ചിത്രങ്ങള്‍ വന്‍പരാജയമായതോടെ കരിയര്‍ പ്രതിസന്ധിയിലായ കുഞ്ചാക്കോ ബോബന്‍ സൂപ്പര്‍താര ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. മോഹന്‍ലാല്‍ അതിഥിതാരമായെത്തുന്ന കിലുകിലുക്കത്തില്‍ അഭിനയിച്ച കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം മമ്മൂട്ടി നായകനായ താരാദാസ് വേഴ്സസ് ബല്‍റാം ആണ്. ഈ ചിത്രത്തില്‍ ഉപനായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് മമ്മൂട്ടിയാേേടൊപ്പം അഭിനയിക്കുന്നത്.

    ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിന്റെ വന്‍പരാജയത്തിനു ശേഷം ആറു മാസത്തോളം ഒരു ചിത്രം പോലുമില്ലാതിരുന്ന ജയസൂര്യയും സൂപ്പര്‍താരങ്ങളുടെ തണലില്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. കിലുകിലുക്കത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം പ്രധാനവേഷം അവതരിപ്പിച്ച ജയസൂര്യ ഇപ്പോള്‍ അഭിനയിച്ചുവരുന്നത് മമ്മൂട്ടി ചിത്രമായ ബസ് കണ്ടക്ടറിലാണ്. ചതിക്കാത്ത ചന്തു, പുലിവാല്‍ കല്യാണം, കേരള ഹൗസ് വില്പനക്ക് തുടങ്ങിയ ഒരു പിടി ചിത്രങ്ങളില്‍ നായകനായ ജയസൂര്യക്ക് ഈ ചിത്രത്തില്‍ ഉപനായകവേഷമാണ്.

    യുവനായകതരംഗം ശക്തമായിരുന്നപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ടായിരുന്ന നടനാണ് ജിഷ്ണു. എന്നാല്‍ ആ തരംഗം ഇല്ലാതായാതോടെ പുതിയ അവസരങ്ങളൊന്നും ലഭിക്കാതിരുന്ന ജിഷ്ണുവിന് ഒരു ഇടവേളക്കു ശേഷം ലഭിച്ചത് മമ്മൂട്ടി ചിത്രത്തില്‍ ഉപനായകവേഷമാണ്. നേരറിയാന്‍ സിബിഐ എന്ന ചിത്രത്തിലെ സിബിഐ ഓഫീസറുടെ വേഷം. ആ ചിത്രത്തിനു ശേഷം പുതിയ അവസരങ്ങളൊന്നും ജിഷ്ണുവിന് ലഭിച്ചിട്ടുമില്ല.

    യുവനായകരുടെ കരിയറില്‍ നിഴല്‍ വീണപ്പോഴും അവസരങ്ങള്‍ക്കു പഞ്ഞമില്ലാതിരുന്ന ഏകയുവനടനാണ് പൃഥ്വിരാജ്. താരസംഘടനയായ അമ്മയുമായുള്ള കലഹത്തെ തുടര്‍ന്ന് ആറു മാസത്തോളം വീട്ടിലിരിക്കേണ്ടി വന്നെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തിയ പൃഥ്വിരാജ് അരഡസനോളം ചിത്രങ്ങളിലാണ് അതിനു ശേഷം അഭിനയിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പൃഥ്വിരാജിന് അവസരങ്ങള്‍ കുറഞ്ഞിരിക്കുന്നു. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കാക്കി മാത്രമാണ് പൃഥ്വിരാജ് പുതുതായി അഭിനയിക്കാനിരിക്കുന്ന ചിത്രം. പൃഥ്വാരാജിന്റെ കൃത്യം, ദി പൊലീസ് തുടങ്ങിയ ചിത്രങ്ങള്‍ വന്‍പരാജയമായിരുന്നു.

    മറ്റ് യുവനടന്‍മാരുടെ ക്ഷീണകാലത്തിലും വൈവിധ്യമേറിയ നായകവേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച ഈ നടനും അവസരങ്ങള്‍ കുറഞ്ഞതോടെ ഉപനായകവേഷം സ്വീകരിക്കാന്‍ തയ്യാറാവുകയാണ്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന് ഉപനായകവേഷമാണ്. മൂന്ന് പെണ്‍മക്കളുടെ അച്ഛനായി അഭിനയിക്കുന്ന സലിംകുമാറാണ് ഈ ചിത്രത്തിലെ നായകന്‍.

    പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകരായി അഭിനയിച്ച സ്വപ്നക്കൂട് പോലുള്ള ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായത് സൂപ്പര്‍താര ചിത്രങ്ങളോടു മത്സരിച്ചാണ്. എന്നാല്‍ അത്തരമൊരു വിജയം ഇന്ന് യുവനായകര്‍ക്കു സ്വപ്നം കാണാന്‍ പോലുമാവാത്ത സ്ഥിതിയാണ്. അത്രയും ശക്തമാണ് മലയാളത്തിലെ ഇപ്പോഴത്തെ സൂപ്പര്‍താര മേല്‍ക്കോയ്മ. അതിനിടയില്‍ ഉപനായകവേഷങ്ങളിലൂടെയെങ്കിലും പിടിച്ചുനില്‍ക്കാനേ യുവതാരങ്ങള്‍ക്കു നിവൃത്തിയുള്ളൂ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X