»   » പ്രിയം പ്രിയങ്കരത്തില്‍ സജി സോമന്‍, ധന്യ

പ്രിയം പ്രിയങ്കരത്തില്‍ സജി സോമന്‍, ധന്യ

Posted By:
Subscribe to Filmibeat Malayalam

പ്രിയം പ്രിയങ്കരത്തില്‍ സജി സോമന്‍, ധന്യ
ഒക്ടോബര്‍ 24, 2002

ദേവീദാസ് ചേലന്നാട്ട് സംവിധാനം ചെയ്യുന്ന പ്രിയം പ്രിയങ്കരത്തില്‍ സജി സോമന്‍ നായകനാവുന്നു. വയലന്‍സ്, തിലകം എന്നീ ചിത്രങ്ങള്‍ക്കു ശേഷം സോമന്റെ മകനായ സജി സോമന്‍ അഭിനയിക്കുന്ന ചിത്രമാണിത്.

ധന്യാ മേനോന്‍ ആണ് ചിത്രത്തിലെ നായികയാവുന്നത്. വിനു സിറിയക് എന്ന കഥാപാത്രത്തെ സജിയും അഭിരാമി എന്ന കഥാപാത്രത്തെ ധന്യയും അവതരിപ്പിക്കുന്നു. മറ്റ് പ്രധാന കഥാപാത്രങ്ങളായ വെങ്കിടിയായി കോട്ടയം നസീറും ഗണപതിയായി വിമല്‍രാജുമാണ് അഭിനയിക്കുന്നത്.

ബാംഗ്ലൂരിലെ പഠനം കഴിഞ്ഞ് അനാഥനായ വിനു നാട്ടിലേക്ക് മടങ്ങി. ഉറ്റസുഹൃത്തായ വെങ്കിടിയുടെ അഗ്രഹാരത്തിലേക്കാണ് അവന്‍ പോയത്. കൃഷ്ണാടഷ്ടമി ദിനത്തില്‍ നൃത്തം വെച്ച അഭിരാമി എന്ന പെണ്‍കുട്ടി വിനുവിന്റെ ഹൃദയം കവര്‍ന്നു. അവളെ സ്വന്തമാക്കണമെന്ന മോഹം അവന്റെ മനസിലുദിച്ചു.

വിനു നാരായണസ്വാമി എന്ന പേരില്‍ വിനു അഭിരാമിയെ സമീപിച്ചു. ആ കൂടിക്കാഴ്ചയില്‍ അഭിരാമി അവനില്‍ അനുരക്തയായി. ഇരുവരും പ്രണയബദ്ധരായെന്ന് അറിഞ്ഞതോടെ വെങ്കിടിയ്ക്ക് പേടിയായി. യാഥാര്‍ഥ്യം പുറത്തുവന്നാല്‍ തന്നെയാകും എല്ലാവരും കുറ്റപ്പെടുത്തുകയെന്ന് അവനറിയാം. പക്ഷേ വിനു പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

അഭിരാമിയുടെ മുറച്ചെറുക്കനായ ചീത്ത നടപ്പിന് അഗ്രഹാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഗണപതി ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞു. വിനുവിനെ അഗ്രഹാരത്തില്‍ നിന്ന് ഓടിക്കാന്‍ ഗണപതിയെത്തി. ഗണപതിയോടെതിരിട്ട വിനു അന്ന് ഒരു പുതിയ മനുഷ്യനായി.

കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, സി. ഐ. പോള്‍, വത്സന്‍, ബാബുസ്വാമി, ബ്രിജേഷ്, കല്പന, സുകുമാരി, അഞ്ജലി, ദിവ്യാ മേനോന്‍, മേരി തോമസ്, അംബികാ ദേവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സംഭാഷണം ജയരാജ് വിജയന്‍ എഴുതുന്നു. ക്യാമറ പ്രേംരാജ്. സംഗീതം എസ്. പി. വെങ്കിടേഷ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X