ജയരാജിന്റെ മകള്‍
ജയരാജിന്റെ മകള്‍
ഒക്ടോബര്‍ 24, 2004
ദേശീയപുരസ്കാരങ്ങള്‍ നേടിയ കളിയാട്ടത്തിന് ശേഷം ജയരാജും സുരേഷ് ഗോപിയും ഒന്നിക്കുന്നു. മകള്‍ എന്നാണ് സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര്.
1998ല്‍ സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു കളിയാട്ടം. ഈ ചിത്രത്തിന് ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. ഒരു ഇടവേളക്ക് ശേഷം മകളിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. പൈതൃകം, ഹൈവേ എന്നിവയാണ് സുരേഷ് ഗോപി നായകനായി അഭിനയിച്ച മറ്റ് ജയരാജ് ചിത്രങ്ങള്‍.
ശോഭനയാണ് ഈ ചിത്രത്തില്‍ നായികയാവുന്നത്. മാമ്പഴക്കാലം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഒരു തിരിച്ചുവരവ് നടത്തിയ ശോഭന മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്. ആദ്യമായാണ് ജയരാജ് ചിത്രത്തില്‍ ശോഭന നായികയാവുന്നത്. സിന്ദൂരച്ചെപ്പ്, കമ്മീഷണര്‍, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് ശോഭന സുരേഷ്ഗോപിയുടെ നായികയായി അഭിനയിച്ചത്.
ജയരാജിന്റെ പൈതൃകം, ദേശാടനം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മാടമ്പ് കുഞ്ഞുകുട്ടനാണ് മകളുടെ തിരക്കഥ രചിക്കുന്നത്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളിന്റെ മാനസി, അല്ല വിദ്യ എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മകളെ തിരിച്ചറിയാനാവാത്ത മാനസികരോഗിയായ അമ്മയുടെയും അമ്മ ജീവിച്ചിരിക്കുന്ന എന്നറിയാതെ വളരുന്ന മകളുടെയും ജീവിതകഥയാണ് മകള്‍ക്ക് പ്രമേയമാവുന്നത്.
റെജി. വി. നായര്‍, വാവച്ചന്‍, ഉണ്ണി ശിവപാല്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രമേശ് നാരായണനാണ്. ആംലക്സ് ഫിലിംസിന്റെ ബാനറില്‍ അലക്സ് വര്‍ഗീസ് (ആസ്ത്രേലിയ) ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications