കാക്കിയണിയുന്ന ലാല്‍
പൊലീസ് വേഷങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കും പിന്നിലായിരിക്കും മോഹന്‍ലാല്‍. വിരളമായി മാത്രമേ അദ്ദേഹം പൊലീസ് വേഷം എടുത്തണിഞ്ഞിട്ടുള്ളൂ.
എന്നാല്‍ അതെല്ലാം ശ്രദ്ധേയമാക്കാന്‍ തന്റെ സ്വതസിദ്ധമായ അഭിനയ വൈഭവം കൊണ്ട് ലാലിന് കഴിഞ്ഞിരുന്നു. രാംഗോപാല്‍ വര്‍മയുടെ ഹിന്ദി ചിത്രം കമ്പനിയിലെ മോഹന്‍ലാല്‍ ചെയ്ത പൊലീസ് കമ്മിഷണറുടെ വേഷം പൊലീസ് വേഷങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു.
മലയാളത്തില്‍ ശ്രദ്ധയ്ക്കു ശേഷം നീണ്ട ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷമണിയുകയാണ്. സൂപ്പര്‍താരത്തിന്റെ പൊലീസ് ഓഫീസര്‍ കഥാപാത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ടാവും. രാജ്യദ്രോഹികള്‍ക്കെതിരെ പട പൊരുതുന്ന ബാബ കല്യാണി എന്ന പൊലീസ് ഓഫീസറെയാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
കുടുംബ ചിത്രങ്ങളിലെ സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരിലേക്ക് തിരിച്ചെത്തിയ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ നീണ്ട കാലമായി കാത്തിരിക്കുന്ന പൊലീസ് വേഷത്തിലെത്തുന്നു എന്നതു തന്നെയാണ് ബാബ കല്യാണിയുടെ ഹൈലൈറ്റ്. കീര്‍ത്തിചക്രയില്‍ സൈനിക ഓഫീസറുടെ വേഷം ഉജ്വലമാക്കിയ മോഹന്‍ലാലിന്റെ ബാബ കല്യാണിയിലെ പൊലീസ് ഓഫീസര്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.
അമ്മയോട് ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ബാബ. അതുകൊണ്ടാണ് അമ്മയുടെ കല്യാണി എന്ന പേര് ഒപ്പം ചേര്‍ത്തിരിക്കുന്നത്.


Click it and Unblock the Notifications