സൂപ്പര്‍താരങ്ങള്‍ കാക്കിക്കുപ്പായത്തില്‍

By Staff

സൂപ്പര്‍താരങ്ങള്‍ കാക്കിക്കുപ്പായത്തില്‍
ഒക്ടോബര്‍ 27, 2003

കിടിലന്‍ സംഭാഷണങ്ങളും ഒടുങ്ങാത്ത വീറുമായി പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വീണ്ടും പൊലീസ് വേഷങ്ങളിലെത്തുന്നു. പ്രമുഖ സംവിധായകരുടെ സിനിമകളിലാണ് അനീതിക്കെതിരെ പോരാടുന്ന കാക്കിവേഷങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും പ്രത്യക്ഷപ്പെടുന്നത്.

അഴിമതിയുടെ കറ തൊട്ടുതീണ്ടാത്ത, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത, അനീതിക്കെതിരെ ആഞ്ഞടിക്കുന്ന സൂപ്പര്‍ താരങ്ങളുടെ പൊലീസ് വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഹരമായിരുന്നു. ബലമുള്ള തിരക്കഥകളില്‍ പണിത പൊലീസ് കഥകള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസ് കഥകള്‍ക്കുള്ള ഈ വിപണിമൂല്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ഇടവേളക്ക് ശേഷം സൂപ്പര്‍താരങ്ങള്‍ വീണ്ടും കാക്കിക്കുപ്പായം എടുത്തണിയുന്നത്. മലയാളത്തില്‍ നല്ല പൊലീസ് കഥകള്‍ വന്നിട്ട് കുറെ കാലമാവുകയും ചെയ്തിരിക്കുന്നു.

സൂപ്പര്‍ഹിറ്റായ ഒരു സി ബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറായാണ് മമ്മൂട്ടി വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. മമ്മൂട്ടിയുടെ ഏറ്റവുമേറെ അംഗീകരിക്കപ്പെട്ട പൊലീസ് വേഷമാണ് കെ. മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യര്‍ എന്ന കഥാപാത്രം. പതിവ് പൊലീസ് രീതികളില്‍ നിന്ന് വ്യത്യസ്തമായി വളരെ മൃദുവായി പെരുമാറുകയും സൂക്ഷ്മബുദ്ധി കൊണ്ട് കുറ്റങ്ങളുടെ കുരുക്കുകള്‍ അഴിക്കുകയും ചെയ്യുന്ന സേതുരാമയ്യര്‍ കെ. മധുവിന്റെ പുതിയ ചിത്രത്തിലൂടെ പുനര്‍ജനിക്കുകയാണ്.

സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമാണ് കെ. മധു ഒരുക്കുന്നത്. ജാഗ്രതയായിരുന്നു രണ്ടാം ഭാഗം. രാക്ഷസരാജാവ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ചെയ്യുന്ന പൊലീസ് വേഷമാണ് ഈ ചിത്രത്തിലേത്.

രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന നരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറായ നരേന്ദ്രന്‍ എന്ന കഥാപാത്രം ലാല്‍ പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദ്യകരമാവുമെന്നാണ് കരുതപ്പെടുന്നത്. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുന്നതില്‍ നല്ല മിടുക്കുള്ളരഞ്ജി പണിക്കര്‍ ആദ്യമായി സംവിധായക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുകയും ചെയ്യുന്നതോടെ ഒരു സൂപ്പര്‍ ഹിറ്റ് പിറക്കും എന്നാണ് കണക്കുകൂട്ടല്‍. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അവസാനമായി പൊലീസ് വേഷം അവതരിപ്പിച്ചത്.

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ടൈഗര്‍. പൊലീസ് വേഷങ്ങളിലൂടെ സുരേഷ് ഗോപിയെ സൂപ്പര്‍താരമാക്കിയ ഷാജി കൈലാസ് ഒരുക്കുന്ന ടൈഗറില്‍ വീരശൂരപരാക്രമിയായ പൊലീസ് ഓഫീസറായി സുരേഷ് ഗോപി വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ഏകലവ്യന്‍, കമ്മിഷണര്‍ എന്നീ ചിത്രങ്ങളുടെ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

നരിമാന്‍ എന്ന ചിത്രത്തിലാണ് അവസാനമായി സുരേഷ് ഗോപി പൊലീസ് വേഷം ചെയ്തത്. കെ. മധു സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X