twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് ആക്ഷന്‍ മതിയായോ?

    By Staff
    |

    കോമഡി വേഷങ്ങള്‍ മാത്രം ചെയ്താല്‍ എന്നും ഒന്നാം ക്ലാസില്‍ പഠിക്കുന്ന അവസ്ഥയാണുണ്ടാവുകയെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. ഡോണ്‍ പോലുള്ള ചിത്രങ്ങളില്‍ ആക്ഷന്‍ പരീക്ഷിച്ചതും ചെസ്സില്‍ പ്രതികാരദാഹിയായ നായകനായും ലയേണില്‍ രാഷ്ട്രീയനേതാവായുമൊക്കെ ദിലീപ് വേഷമിട്ടു നോക്കിയത് ക്ലാസ്കയറ്റം കിട്ടാന്‍ വേണ്ടിയായിരുന്നു.

    മീശ പിരിച്ചും തോക്കെടുത്തും രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചെങ്കിലും ദിലീപിന്റെ അത്തരം വേഷങ്ങളൊന്നും പ്രേക്ഷകര്‍ കാര്യമായങ്ങ് സ്വീകരിച്ചില്ല. ഈ വര്‍ഷം ദിലീപിന് ഇതുവരെ ഒരു സൂപ്പര്‍ഹിറ്റ് അവകാശപ്പെടാനില്ല. കഴിഞ്ഞ വര്‍ഷം ചാന്തുപൊട്ട് എന്ന സൂപ്പര്‍ഹിറ്റിലൂടെ ബോക്സോഫീസില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പിടിച്ചുനിന്നെങ്കിലും 2006ല്‍ അത്തരമൊരു വന്‍വിജയം ദിലീപിനെ അനുഗ്രഹിച്ചിട്ടില്ല.

    ലയേണ്‍, ചെസ്, ഡോണ്‍ എന്നീ ചിത്രങ്ങളില്‍ തന്റെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ദിലീപ് ചെയ്തത്. പക്ഷേ കോമഡി വേഷങ്ങള്‍ മാറ്റിനിര്‍ത്തി മറ്റു ചിലതൊക്കെ ചെയ്യാന്‍ നോക്കിയപ്പോള്‍ അത്തരം ചിത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. പച്ചക്കുതിര കോമഡി ചിത്രമായിരുന്നെങ്കിലും ദിലീപിന്റെ ഇരട്ടവേഷത്തിന് വലിയ തമാശ മുഹൂര്‍ത്തങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിയാതെ പോയപ്പോള്‍ ചിത്രം പരാജയമാവുകയും ചെയ്തു.

    അയലത്തെ പയ്യന്‍ ഇമേജാണ് ദിലീപിനെ കരിയറിന്റെ ഇന്നത്തെ ഉയരത്തിലെത്തിച്ചത്. ആ ഇമേജ് മാറ്റിപ്പണിത് ക്ലാസ്കയറ്റത്തിനു ശ്രമിക്കുന്നത് ദിലീപിനു വിനയാവുന്നുവെന്നാണ് ഈ വര്‍ഷത്തെ ദിലീപ് ചിത്രങ്ങളുടെ മങ്ങിയ ബോക്സോഫീസ് പ്രകടനം തെളിയിക്കുന്നത്. അത് ദിലീപും സ്വയം തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ അയലത്തെ പയ്യന്‍ ഇമേജിലേക്കുള്ള തിരിച്ചുപോക്കാണ്.

    ലോഹിതദാസിന്റെ ചക്കരമുത്തില്‍ നിഷ്കളങ്കനായ ഒരു യുവാവായാണ് ദിലീപ് അഭിനയിക്കുന്നത്. കളങ്കലേശമില്ലാതെ പെരുമാറുന്നതു കൊണ്ട് സമൂഹത്തില്‍ പല പ്രയാസങ്ങളും നേരിടേണ്ടി വരുന്ന അരവിന്ദന്‍ എന്ന യുവാവ് ഒരുക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഡോണില്‍ മീശ പിരിച്ച് അധോലോക നായകനായി അലറുന്ന ദിലീപ് ചക്കരമുത്തില്‍ മേക്കപ്പിന്റെ സഹായത്തോടെ തീര്‍ത്തും നിഷ്കളങ്കനായ നാടന്‍ യുവാവായി രൂപമാറ്റമണിയുന്നത് കൗതുകകരം തന്നെ. പ്രേക്ഷകര്‍ സ്വീകരിച്ച ചില മുന്‍കാല ദിലീപ് ചിത്രങ്ങളെ ഓര്‍മിപ്പിക്കും വിധം അയലത്തെ പയ്യന്‍ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ദിലീപ് ഈ ചിത്രത്തില്‍.

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദിലീപിന് ഒരു സാധാരണക്കാരന്റെ വേഷമാണ്. ചക്കരമുത്തിനു മുമ്പ് ഈ വര്‍ഷം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം.

    മലയാളത്തിലെ രണ്ട് ഒന്നാം നിര സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് ദിലീപ് തന്റെ പഴയ ഇമേജിലേക്കു തിരിച്ചുപോകുന്നത്. ദിലീപിന്റെ ഭാഷയില്‍ ഇത് ഉയര്‍ന്ന ക്ലാസുകളിലേത്തിയതിനു ശേഷം വീണ്ടും ഒന്നാം ക്ലാസില്‍ പഠിക്കാന്‍ പോകലാണോ? ദിലീപ് സ്വയം വിലയിരുത്തുന്നത് എങ്ങനെയായാലും പ്രേക്ഷകര്‍ എന്നും സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ അയലത്തെ പയ്യന്‍ വേഷങ്ങളാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X