വെള്ളിത്തിരയും ചക്രവും ദോഷം ചെയ്തു
വെള്ളിത്തിരയിലെയും ചക്രത്തിലെയും പോലുള്ള വേഷങ്ങള്‍ കരിയറിന്റെ ആദ്യവര്‍ഷങ്ങളില്‍ നില്‍ക്കുന്ന ഒരു നടന് കിട്ടുക എന്നത് അസാധാരണമാണ്. എന്നാല്‍ ആ ചിത്രങ്ങള്‍ ഗുണത്തോടൊപ്പം തനിക്ക് ദോഷവും ചെയ്തുവെന്ന് ഇപ്പോള്‍ പൃഥ്വിരാജ് പറയുന്നു.
അര ഡസനോളം സിനിമകള്‍ മാത്രം ചെയ്തുനില്‍ക്കുമ്പോഴാണ് പൃഥ്വിരാജിന് വെള്ളിത്തിരയിലെ വേഷം ലഭിക്കുന്നത്. ചക്രം എന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അത് നടക്കാതെ പോയപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് ആ ചിത്രം ചെയ്തു. രണ്ടു ചിത്രങ്ങളും വന്‍പരാജയങ്ങളായിരുന്നു.
ചിത്രീകരണം തുടങ്ങുന്നതിനു മുമ്പു തന്നെ വെള്ളിത്തിരയും ചക്രവു തനിക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ ചിത്രങ്ങള്‍ തന്നെ നിരാശപ്പെടുത്തിയെന്നും പൃഥ്വിരാജ് പറയുന്നു. പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഈ ചിത്രങ്ങള്‍ക്കു സാധിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഈ വേഷങ്ങള്‍ പൃഥ്വിരാജിനെ കൊണ്ട് ചെയ്യിച്ചത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. കുറെ കൂടി മുതിര്‍ന്ന പ്രായത്തില്‍ ചെയ്യേണ്ട വേഷങ്ങള്‍ നവയുവാവായ ഒരു നടന് ലഭിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇപ്പോള്‍ പൃഥ്വിരാജ് തന്നെ പറയുന്നു.


Click it and Unblock the Notifications