ബോളിവുഡിന്റെ മഹിമ
ബോളിവുഡിന്റെ മഹിമ
ബോളിവുഡിലെത്തുന്നതിന് മുമ്പുതന്നെ റിതുവിന്റെ മുഖം പ്രേക്ഷകര്‍ക്ക് പരിചിതമായിരുന്നു. പരസ്യങ്ങളിലെ മോഡലിംഗിലൂടെ സിനിമാതാരത്തോളം പ്രശസ്തമായിരുന്നു റിതുവിന്റെ മുഖം. പുതുമുഖത്തിന്റെ അപരിചിതത്വം ഒട്ടുമില്ലാതെ പ്രേക്ഷകര്‍ റിതുവിനെ സ്വീകരിച്ചു.
റിതുവിനെ മഹിമയാക്കിയത് പര്‍ദേസിന്റെ സംവിധായകന്‍ സുഭാഷ്ഘായിയാണ്. ഷാറൂഖ്ഖാന്റെ നായികയായി മികച്ച തുടക്കമാണ് മഹിമക്ക് ബോളിവുഡില്‍ കിട്ടിയത്. ആദ്യചിത്രമായ പര്‍ദേസ് വന്‍വിജയവുമായി.
എന്നാല്‍ ഗംഭീരമായ തുടക്കത്തിന് ഗംഭീരമായ തുടര്‍ച്ച കണ്ടെത്താന്‍ മഹിമാ ചൗധരിക്ക് കഴിഞ്ഞില്ല. പര്‍ദേസിനെ തുടര്‍ന്ന് മഹിമ അഭിനയിച്ച ചിത്രങ്ങള്‍ പരാജയപ്പെട്ടു. ദില്‍ ക്യാ കാരേ, ദാഗ്- ദി ഫയര്‍, പ്യാര്‍ കോയി ഖേല്‍ നഹി തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ വീണതോടെ മഹിമയുടെ ഇമേജിന് മങ്ങലേറ്റു.
ധര്‍മേഷ് ദര്‍ശന്റെ ധഡ്കന്‍ എന്ന ചിത്രത്തിലൂടെയാണ് മഹിമക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടാവുന്നത്. പക്ഷെ പിന്നീട് വന്ന ദീവാനി, കുരുക്ഷേത്ര, ഖിലാഡി 420 എന്നിവയും പരാജയമായി. ലജ്ജ, പ്രിയദര്‍ശന്റെ യേ തേരാ ഘര്‍ മേരാ ഘര്‍ എന്നീ ചിത്രങ്ങളിലും മഹിമ ശ്രദ്ധേയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ യേ തേരാ ഘര്‍ മേരാ ഘറില്‍ മലയാളത്തില്‍ കാര്‍ത്തിക അവതരിപ്പിച്ച വേഷത്തിലായിരുന്നു മഹിമ.
ഇടക്ക് ഗോസിപ്പുകളുടെ ഊഴമായിരുന്നു മഹിമക്ക്. ടെന്നീസ് താരം ലിയാണ്ടര്‍ പേസും മഹിമാ ചൗധരിയുമായുള്ള പ്രണയം മാധ്യമങ്ങള്‍ ആഘോഷിച്ചു. പ്രണയപരവശയായ മഹിമ സെറ്റുകളില്‍ കൃത്യമായെത്തുന്നില്ലെന്ന പരാതി വരെയുണ്ടായി.
എന്തായാലും ഇനി ഒരു പിടി ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. അനുപം ഖേറിന്റെയും മഹേഷ് മഞ്ജ്രേക്കറുടെയും കുന്ദന്‍ ഷായുടെയും വരാനിരിയ്ക്കുന്ന ചിത്രങ്ങള്‍ അഭിനയജീവിതത്തില്‍ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് തന്നെ മഹിമ വിശ്വസിയ്ക്കുന്നു.


Click it and Unblock the Notifications