ബ്രാന്റ് ഉപേക്ഷിച്ചു
ബ്രാന്റ് ഉപേക്ഷിച്ചു
ഒക്ടോബര്‍ 28, 2004
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന ബ്രാന്റ് എന്ന ചിത്രം ഉപേക്ഷിച്ചു. നേരത്തെ തന്നെ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ഈ ചിത്രം സംവിധായകനും സൂപ്പര്‍താരവും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മൂലമാണ് ഉപേക്ഷിക്കുന്നത്.
ഷാജി കൈലാസുമായുള്ള പിണക്കം മൂലം മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നുവത്രെ. മമ്മൂട്ടിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്താനാവില്ലെന്ന് ബോധ്യമായതിനാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഷാജി കൈലാസ് വ്യക്തമാക്കി.
ഷാജി കൈലാസ് തന്നെയാണ് ബ്രാന്റ് നിര്‍മിക്കാനിരുന്നത്. ഉസ്താദിന് ശേഷം വീണ്ടും നിര്‍മാണരംഗത്ത് ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഷാജി. ബ്രാന്റ് ബ്രഹ്മാനന്ദന്‍ എന്ന പേരിലറിയപ്പെടുന്ന പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്കായി ഒരുക്കിയിരുന്ന്. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഈ ചിത്രത്തില്‍ വില്ലന്‍വേഷത്തില്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം സേതുരാമയ്യര്‍ സിബിഐയുടെ തിരക്കഥയെഴുതിയ എസ്. എന്‍. സ്വാമിയാണ് ബ്രാന്റിന്റെ തിരക്കഥാകൃത്തെന്നാണ് അറിയിച്ചിരുന്നത്. ഓണത്തിന് റീലിസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവിന് മുമ്പ് ഷാജി കൈലാസ് മമ്മൂട്ടി ചിത്രം പൂര്‍ത്തിയാക്കുമെന്ന് ഒരു ഘട്ടത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. നാട്ടുരാജാവ് നേരത്തെ തുടങ്ങിയതോടെ ബ്രാന്റ് അതിന് ശേഷം ചെയ്യുമെന്നായി. ഇപ്പോള്‍ ആ പ്രൊജക്ട് തന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ബ്രാന്റ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനുള്ള ആലോചനയിലാണ് ഷാജി കൈലാസ്. നാട്ടുരാജാവ് വിജയമായതിനെ തുടര്‍ന്നാണ് ഷാജിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications