twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുന്ദരനായ വില്ലന്‍

    By Super
    |

    മലയാളസിനിമ അപൂര്‍വമായ വിശേഷണമാണ് നടന്‍ ഉമ്മറിന് നല്കിയത്- സുന്ദരനായ വില്ലന്‍. വില്ലന്‍ റോളുകളില്‍ തിളങ്ങിയ സിനിമയിലെ ഉമ്മറിനെ കാണികള്‍ വെറുത്തെങ്കിലും അദ്ദേഹത്തിന്റെ രൂപം എല്ലാവരെയും ആകര്‍ഷിച്ചു.

    അറുപതുകളുടെ പകുതിയോടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ സങ്കല്പം പകരുകയായിരുന്നു ഈ സുന്ദരനായ നടന്‍. കൊമ്പന്‍മീശയും ക്രൂരമുഖവുമുള്ള വില്ലന്മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ വില്ലനെയാണ് ഉമ്മര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നായകനോളം സുന്ദരനായ വില്ലന്‍ ചേഷ്ടകള്‍ കൊണ്ടും സംഭാഷണചാതുരി കൊണ്ടും മലയാളി സിനിമാ പ്രേക്ഷകന്റെ വില്ലന്‍ സങ്കല്പത്തില്‍ പുതിയ മാനറിസങ്ങളെഴുതിര്‍േത്തു.

    നാടകത്തില്‍ തുടങ്ങി സിനിമയിലെത്തിയ ഉമ്മറിലെ അഭിനേതാവിന്റെ കഴിവുകള്‍ സിനിമ നശിപ്പിക്കുകയായിരുന്നു എന്നു പറയുന്ന ഉമ്മറിന്റെ സുഹൃത്തുക്കളായ നാടകപ്രവര്‍ത്തകരുണ്ട്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ മറ്റ് പലരുടെയും കാര്യത്തിലെന്ന പോലെ ഉമ്മറിന്റെ കാര്യത്തിലും ഇത് ശരിയാവാമെങ്കിലും മലയാളിക്ക് എക്കാലവും ഓര്‍ക്കാവുന്ന നടന്മാരുടെ പട്ടികയില്‍ ഉമ്മറുമുണ്ട്.

    കോഴിക്കോടുകാരന്റെ രക്തത്തിലലിഞ്ഞുചേര്‍ന്ന ഫുട്ബോള്‍ പ്രേമം കുറ്റിച്ചിറക്കാരനായ ഉമ്മറിലുമുണ്ടായിരുന്നു. കോഴിക്കോടന്‍ മെതാനങ്ങള്‍ക്ക് പരിചിതനായ ഫുട്ബോള്‍ കളിക്കാരനായിരുന്ന ഉമ്മര്‍ പില്‍ക്കാലത്ത് മൈതാനങ്ങള്‍ വിട്ട് നാടകവേദിയുടെ ചമയങ്ങളിലേക്ക് ചലിച്ചു. അവിടെ നിന്ന് സിനിമയുടെ മായക്കാഴ്ചകളിലേക്കും.

    ആരാണ് അപരാധി എന്ന നാടകത്തിലൂടെയാണ് ഉമ്മര്‍ മുഖത്ത് ചായമണിയുന്നത്. ആദ്യനാളുകളില്‍ സ്ത്രീവേഷങ്ങള്‍ ചെയ്തിരുന്ന ഉമ്മര്‍ കെ. ടി. മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്ന നാടകത്തില്‍ തൊണ്ണൂറുകാരനെ അവതരിപ്പിച്ചതോടെയാണ് നാടകരംഗത്ത് ശ്രദ്ധേയനാവുന്നത്.

    1956ലിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ ഉമ്മറിന്റെ ആദ്യചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വീണ്ടും നാടകത്തില്‍ സജീവമായ ഉമ്മര്‍ ഒരു ഇടവേളയ്ക്കു ശേഷം എംടിയുടെ മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് രണ്ടാം വരവ് നടത്തി. ഉമ്മറിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അതോടെ ഉമ്മര്‍ എന്ന നടന്‍ അഭിനയലോകത്ത് സ്ഥാനമുറപ്പിച്ചു.

    ടൈപ്പ് വില്ലന്‍വേഷങ്ങള്‍ക്കിടയിലും ചില വ്യത്യസ്തകഥാപാത്രങ്ങള്‍ ഉമ്മറിനെ തേടിയെത്തി. കരുണയിലെ ഉപഗുപ്തന്റെ വേഷം അതിലൊന്നാണ്. നഗരമേ നന്ദി, തുമ്പോലാര്‍ച്ച, മൂലധനം എന്നീ ചിത്രങ്ങളിലും ഉമ്മറിന്റേത് വ്യത്യസ്ത വേഷങ്ങളായിരുന്നു.

    കോഴിക്കോടന്‍ മൈതാനങ്ങളില്‍ പന്തുമായി മുന്നേറുമ്പോള്‍ കാണികളുടെ പിന്തുണ നല്‍കിയ അതേ ആത്മവിശ്വാസത്തോടെയാണ് താന്‍ സിനിമയിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ച് വിജയിപ്പിച്ചതെന്ന് ഒരിക്കല്‍ ഉമ്മര്‍ പറഞ്ഞു. കാണികളോട് കൈകള്‍ വീശി ക്കാണിച്ച് കളി നിര്‍ത്തി മടങ്ങുന്ന ഒരു ഫുട്ബോള്‍ കളിക്കാരനെ പോലെ ജീവിതത്തിന്റെ അന്തമറ്റ മൈതാനത്തില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍, ആത്മവിശ്വാസം നിറഞ്ഞ ആ കണ്ണുകള്‍ സിനിമാപ്രേമികളായ മലയാളിയുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്.

    Read more about: actor kp ummar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X