കനവില്‍ നിന്നൊരു ചിത്രം: ഗുഡ
കനവില്‍ നിന്നൊരു ചിത്രം: ഗുഡ
ഒക്ടോബര്‍ 30, 2002
ആദിവാസി പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ ഇരുണ്ട ലോകത്തേക്ക് ക്യാമറക്കണ്ണ് തിരിക്കുന്ന ഗുഡ വയനാട്ടിലെ കനവ് ഒരുക്കുന്നു. കനവിന് രൂപം നല്‍കിയ കെ. ജെ. ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനവിലെ 42 കുട്ടികളും നടവയല്‍ ഗ്രാമവാസികളും അഭിനേതാക്കളാവുന്നു.
ആദിവാസി പെണ്‍കുട്ടികള്‍ ഋതുമതിയാവുന്നതോടെ അനുഷ്ഠിക്കേണ്ടിവരുന്ന ഒരു ആചാരവുമായി ബന്ധപ്പെട്ടതാണ് ഗുഡയുടെ പ്രമേയം. ആദിവാസി വിഭാഗമായ നായ്ക്കരുടെ പെണ്‍കുട്ടികള്‍ ഋതുമതിയാവുന്നതിന് ശേഷം നടക്കുന്ന തിരണ്ട് കല്യാണത്തിന് മുമ്പായി അവരെ ഒറ്റപ്പെട്ട ഗുഡ(കുടിലു)കളിലാണ് താമസിപ്പിക്കുക. തിരണ്ട് കല്യാണത്തിന് മുമ്പായി അവരെ പുരുഷന്മാര്‍ കാണരുതെന്നാണ് വിശ്വാസം. പുരുഷന്മാരില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനാണ് പെണ്‍കുട്ടികളെ പ്രത്യേക കുടിലുകളില്‍ താമസിപ്പിക്കുന്നത്. ഇങ്ങനെ പുറംലോകത്തു നിന്ന് അകറ്റിനിര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന ആത്മസംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ക്യാമറാമാന്‍ കണ്ണന്‍ മാത്രമാണ് പുറമെ നിന്നുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത് കനവിലെ മഗ്ളു, ശാന്തി എന്നീ പെണ്‍കുട്ടികളാണ്.
ഋതുമതിയായ ലച്ചു കുടിലില്‍ അടയ്ക്കപ്പെടുന്നതാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ലച്ചുവായി മഗ്ളുവും സഹോദരി നന്നാറുവായി ശാന്തിയും അഭിനയിക്കുന്നു.
സിനിമയുടെ പശ്ചാത്തല സംഗീതമായി ആദിവാസികളുടെ പരമ്പരാഗത വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും കെ. ജെ. ബേബിയാണ്. 15 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ചെലവ്.


Click it and Unblock the Notifications