മമ്മൂട്ടിക്ക് കത്രീന കൈഫ് നായിക?
മമ്മൂട്ടിക്ക് കത്രീന കൈഫ് നായിക?
ഒക്ടോബര്‍ 30, 2005
മമ്മൂട്ടിയുടെ നായികമാര്‍ക്കായി അന്യഭാഷയില്‍ നടത്തിയിട്ടുള്ള തിരച്ചില്‍ ചിലപ്പോഴൊക്കെ ബോളിവുഡ് വരെയെത്തിയിട്ടുണ്ട്. സിമ്രാന്‍, നമ്രത ശിരോദ്കര്‍, ജൂഹി ചൗള, അഞ്ജനാ സാവേരി തുടങ്ങിയ ബോളിവുഡ് നടിമാര്‍ മമ്മൂട്ടിയുടെ നായികമാരാവാന്‍ മലയാളത്തിലെത്തിയത് അങ്ങനെയാണ്.
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യറായിയായിരുന്നു മമ്മൂട്ടിയുടെ നായികയെങ്കില്‍ മമ്മൂട്ടിയുടെ മലയാളത്തിലെ നായികമാരാവാന്‍ ബോളിവുഡിലെ പല നടിമാരുമെത്തി. ബോളിവുഡിലെ അരങ്ങേറ്റത്തിനു ശേഷം തമിഴിലെ നമ്പര്‍ വണ്‍ നായികയാവുന്നതിനു മുമ്പ് സിമ്രാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി. ആ ചിത്രത്തിനു ശേഷമാണ് സിമ്രാന്‍ തമിഴിലേക്കു കടക്കുന്നത്.
എഴുപുന്നതരകനില്‍ നമ്രതാ ശിരോദ്കര്‍ മമ്മൂട്ടിയുടെ ജോഡിയായപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ജൂഹി ചൗളയാണ് മെഗാതാരത്തിന്റെ നായികയായത്. ദുബായ് എന്ന ചിത്രത്തില്‍ അഞ്ജനാ സാവേരി മമ്മൂട്ടിക്ക് നായികയായി.
ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും മറ്റൊരു ഗ്ലാമര്‍ താരത്തെ കൂടി മമ്മൂട്ടി ചിത്രത്തില്‍ നായികയാക്കാന്‍ ശ്രമം നടത്തുന്നു. ഹിന്ദിയിലെ തിരക്കേറിയ നടിയും സല്‍മാന്‍ഖാന്റെ കാമുകിയുമായ കത്രീന കൈഫ് എന്ന ബോളിവുഡ് രോമാഞ്ചത്തെയാണ് മലയാളത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ഐ.വി.ശശിയുടെ താരാദാസ് വേഴ്സസ് എന്ന ചിത്രത്തിലാണ് കത്രീന കൈഫിനെ അഭിനയിപ്പിക്കാന്‍ ആലോചിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണത്രെ.
ഒരു ഇടവേളക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഐ.വി.ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീറാണ് നിര്‍മിക്കുന്നത്. ബോളിവുഡിലെ മാദകതിടമ്പിനെ മലയാളത്തിലേക്ക് കൊണ്ടുവരിക എന്ന ദൗത്യം നിര്‍വഹിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബഷീര്‍.


Click it and Unblock the Notifications