മിഡില്‍ ഈസ്റ് മഹാദേവനായി മുകേഷ്
മിഡില്‍ ഈസ്റ് മഹാദേവനായി മുകേഷ്
ഒക്ടോബര്‍ 31, 2002
സന്ധ്യാമോഹന്‍ ഒരുക്കുന്ന മിഡില്‍ ഈസ്റ് മഹാദേവന്‍ തമാശ കഥയാണ്. ദുബായാണ് കഥയുടെ പശ്ചാത്തലം. മുകേഷാണ് നായകന്‍. ടൈറ്റില്‍ റോളിലാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്.
ആഢ്യമായ കുടുംബമാണ് മഹാദേവന്റേത്. അഛന്‍ വക്കീല്‍. അമ്മ കോളജ് പ്രൊഫസര്‍. മഹാദേവന്റെ ജ്യേഷ്ഠന്‍ ദുബായില്‍ ജോലി ചെയ്യുന്നു. മഹാദേവന്‍ മാത്രം ഗതി പിടിച്ചില്ല. രാഷ്ട്രീയത്തിലാണ് മഹാദേവന്‍ പയറ്റുന്നത്. രാഷ്ട്രീയത്തില്‍ വലിയ ആളാവണമെന്നാണ് മഹാദേവന്റെ ആഗ്രഹം. എന്നാല്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അയാള്‍ ഒരു തലവേദനയാണ്.
മഹാദേവനെ വിദഗ്ധമായി വീട്ടുകാര്‍ ദുബായിലെത്തിച്ചു. ദുബായിലെത്തിയ മഹാദേവന്‍ കടന്നുപോയത് വ്യത്യസ്തമായ അനുഭവങ്ങളിലൂടെയായിരുന്നു. മഹാദേവന്റെ ദുബായ് അനുഭവങ്ങളാണ് ചലച്ചിത്രത്തില്‍ തമാശ പകരുന്നത്.
തമിഴ് നടി വിന്ധ്യയാണ് ചിത്രത്തിലെ നായിക. രാവണപ്രഭു, ദുബായ് എന്നീ മലയാള ചിത്രങ്ങളില്‍ വിന്ധ്യ നേരത്തെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാലചന്ദ്രമേനോന്‍, നരേന്ദ്രപ്രസാദ്, കൊച്ചിന്‍ ഹനീഫ, വിജയകുമാര്‍, പ്രേംകുമാര്‍, ശ്രീനാഥ്, രവി വള്ളത്തോള്‍, മച്ചാന്‍ വര്‍ഗീസ്, ബിന്ദു പണിക്കര്‍, സുവര്‍ണ മാത്യു, മല്ലികാ സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കെ. സൂരജാണ് ചിത്രത്തിന്റെ രചന. ദുബായ് റേഡിയോ ഏഷ്യയിലെ ഉദ്യോഗസ്ഥനാണ് സൂരജ്. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി.
എമിറ്റേഴ്സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഗോപാലകൃഷ്ണ പൈ, ബോബന്‍ ജോസഫ്, സി. പി. കൃഷ്ണകുമാര്‍, തോമസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications