കൈതപ്രം സംവിധായക വേഷത്തില്‍
കൈതപ്രം സംവിധായക വേഷത്തില്‍
നവംബര്‍ 2, 2004
ഗാനരചയിതാവും ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധായകന്റെ വേഷമണിയുന്നു. സംഗീതജ്ഞന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പ്രമേയവും സംഗീതപ്രധാനമാണ്.
ചിത്രത്തില്‍ രണ്ട് നായകന്‍മാരുണ്ട്. ഒരാള്‍ യേശുദാസിന്റെ മകനും യുവഗായകനുമായ വിജയ് യേശുദാസാണ്. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ക്യാമറക്ക് മുന്നില്‍ ആദ്യമായാണ്.
വളര്‍ന്നുവരുന്ന ഗായകനാണ് ദീപാങ്കുരന്‍. രണ്ട് ഗായകര്‍ നായകന്‍മാരാവുകയും അതിന് സംഗീതജ്ഞന്‍ സംവിധാന വേഷമണിയുകയും ചെയ്യുന്നത് സിനിമയില്‍ അപൂര്‍വ സംഭവമാണ്.
പി. ഭാസ്കരന്‍, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവര്‍ക്ക് പിന്നാലെ സിനിമയുടെ മറ്റ് മേഖലകളിലേക്ക് തിരിയുകയാണ് ഗാനരചയിതാവായ കൈതപ്രം. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികളെഴുതിയ പി. ഭാസ്കരനാണ് രാമു കാര്യാട്ടിനൊപ്പം നീലക്കുയില്‍ എന്ന പ്രശസ്തചിത്രം സംവിധാനം ചെയ്തത്. ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരി തിരക്കഥാരംഗത്തും കൈവച്ചിട്ടുണ്ട്. സിനിമയുടെ മറ്റ് മേഖലകളിലേക്ക് വ്യാപരിക്കുന്ന കൈതപ്രവും ഇവരുടെ പാതയിലെത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് താമസിയാതെ തുടങ്ങും.


Click it and Unblock the Notifications