ഇന്നസെന്റിന് പകരം രാജന്‍ പി. ദേവ്
ഇന്നസെന്റിന് പകരം രാജന്‍ പി. ദേവ്
നവംബര്‍ 2, 2004
അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കം അവസാനിച്ചതിന് ശേഷം മലയാള സിനിമാരംഗം ഉഷാറായതോടെ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ചിത്രങ്ങളുടെ തിരക്കിലാണ്. സിനിമകളുടെ ചിത്രീകരണം ഏറെ സജീവമായി നടക്കുമ്പോള്‍ ഇന്നസെന്റ് ഉള്‍പ്പെടെയുള്ള പല താരങ്ങള്‍ക്കും തിരക്ക് മൂലം തുടര്‍ച്ചയായ ഡേറ്റ് നല്‍കാനാവാത്ത സ്ഥിതിയിലാണ്.
ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ തൊമ്മന്റെ മക്കളില്‍ ഇന്നസെന്റിന് വളരെ ശക്തമായ ഒരു കഥാപാത്രം ലഭിച്ചിട്ടും ആ ചിത്രത്തില്‍ നിന്നും അദ്ദേഹം പിന്‍മാറി. തൊമ്മനെന്ന കഥാപാത്രമാണ് ഇന്നസെന്റിനായി നീക്കിവച്ചിരുന്നത്. ഗോഡ്ഫാദറിലെ എന്‍. എന്‍. പിള്ളയുടെ അഞ്ഞൂറാന്‍ പോലെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രമായിരുന്നിട്ടും ചിത്രത്തില്‍ ആദ്യം അഭിനയിക്കാമെന്നേറ്റിരുന്ന ഇന്നസെന്റ് പിന്നീട് പിന്‍മാറുകയാണെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിനിടയില്‍ ഒരു ചിത്രത്തിനായി തുടര്‍ച്ചയായി ഡേറ്റ് നല്‍കാനാവാത്തതു മൂലമാണത്രെ ഇന്നസെന്റ് പിന്‍മാറിയത്.
ഇന്നസെന്റിന്റെ വേഷത്തില്‍ പകരക്കാരനായി അഭിനയിക്കുന്നത് രാജന്‍ പി. ദേവാണ്. ഈയിടെയായി ചെറിയതരം വേഷങ്ങളില്‍ ഒതുക്കപ്പെടുന്ന രാജന്‍ പി. ദേവിന് ഒരു ഇടവേളക്ക് ശേഷം ലഭിക്കുന്ന ശക്തമായ കഥാപാത്രമാണ് ഇത്.
നവംബര്‍ 18നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ലാല്‍ ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications