ഗ്ലാമര്‍ നടിമാര്‍ക്ക് കാക്കി വേഷം
ഗ്ലാമര്‍ നടിമാര്‍ക്ക് കാക്കി വേഷം
നവംബര്‍ 2, 2005
മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങളില്‍ നടിമാരുടെ പൊലീസ് വേഷങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതായി മാറുകയാണോ? നായകന്‍ കിടിലന്‍ വേഷത്തില്‍ തിമര്‍ക്കുന്ന രംഗങ്ങള്‍ കുത്തിനിറച്ചൊരുക്കുന്ന ആക്ഷന്‍ ചിത്രങ്ങളില്‍ നായകന്റെ പ്രതിയോഗിയായോ സഹായിയായോ ഒരു പെണ്‍ പൊലീസും പ്രത്യക്ഷപ്പെടുന്നത് പതിവാവുകയാണ്.
ഇടക്കാലത്ത് മലയാളത്തിലെ വനിതാ പൊലീസ് വേഷങ്ങള്‍ വാണി വിശ്വനാഥിന്റെ കുത്തകയായിരുന്നു. ഉസ്താദ് പോലുള്ള ചിത്രങ്ങളില്‍ സൂപ്പര്‍താരത്തെ വെല്ലാന്‍ പോന്ന കഥാപാത്രമായെത്തുന്ന വാണി പല ചിത്രങ്ങളിലും പൊലീസ് വേഷത്തില്‍ തിളങ്ങി. വിവാഹത്തോടെ വാണിയുടെ അത്തരം സിനിമകള്‍ നിലച്ചെങ്കിലും നടിമാരുടെ പൊലീസ് വേഷങ്ങള്‍ മലയാളത്തില്‍ പിന്നെയും തുടര്‍ന്നു.
ചതുരംഗത്തില്‍ മോഹന്‍ലാലിനെ നേരിടുന്ന എസ്പിയായി പ്രത്യക്ഷപ്പെട്ട നഗ്മക്കു ശേഷം കാക്കി വേഷത്തില്‍ നടിമാരെ കണ്ടത് ഒരു ചെറിയ ഇടവേളക്കു ശേഷമാണ്. പൊലീസായി നടിമാര്‍ വീണ്ടുമെത്തിയപ്പോഴോ വനിതാ പൊലീസ് വേഷങ്ങള്‍ സിനിമകളില്‍ ഒരു തുടര്‍ച്ചയാവുകയാണ്.
ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ ശ്രേയ റെഡ്ഢി രണ്ടാമതും മലയാളത്തിലെത്തിയത് പൊലീസ് വേഷം അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു. പൊലീസ് ഓഫീസറായി വേഷമിടുന്ന സുരേഷ്ഗോപിയുടെ അന്വേഷണ സംഘത്തിലെ ഒരംഗത്തിന്റെ റോളായിരുന്നു ഈ ചിത്രത്തില്‍ ശ്രേയക്ക്.
ഭരത്ചന്ദ്രന്‍ ഐപിഎസില്‍ മറ്റൊരു നടി കൂടി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നുണ്ട്- ശ്രേയയെ പോലെ അന്യഭാഷാനടിയായ അഖില. അധോലോക ബന്ധങ്ങളുള്ള ശ്വേത നാച്ചപ്പ എന്ന ഐപിഎസ് ഓഫീസറായി തിളങ്ങിയ അഖില ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നായകന്റെ പ്രതിയോഗിയായി പ്രവര്‍ത്തിക്കുന്ന വനിതാ ഐപിഎസ് ഓഫീസറുടെ വേഷം ഒരിക്കല്‍ കൂടി മലയാളത്തിലെ സൂപ്പര്‍താര സിനിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അഖില ആ കഥാപാത്രത്തെ ഭംഗിയാക്കി.
ഭരത്ചന്ദ്രനു പിന്നാലെ ലോകനാഥന്‍ ഐഎഎസ് എന്ന ചിത്രത്തിലാണ് നായകനെ വെല്ലുവിളിക്കുന്ന വനിതാ പൊലീസ് ഓഫീസറെ വീണ്ടും കണ്ടത്. മലയാളത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ട ഗായത്രി ജയറാമാണ് ഈ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചത്.
ലോകനാഥന്‍ ഐഎഎസിനു ശേഷം കലാഭവന്‍ മണി നായകനാവുന്ന പുതിയ ചിത്രമാണ് ആണ്ടവന്‍. ഈ ചിത്രത്തിലും മണിയുടെ പ്രതിയോഗിയായി ഒരു വനിതാ പൊലീസ് ഓഫീസറുടെ വേഷമുണ്ട്. സിന്ധുമേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വാണി വിശ്വനാഥിനെയും നഗ്മയെയും പോലുള്ള സീനിയര്‍ നടിമാരാണ് നേരത്തെ പൊലീസ് വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ താരതമ്യേന ജൂനിയര്‍മാരായ നടിമാര്‍ പൊലീസ് വേഷങ്ങളില്‍ തിളങ്ങുകയാണ്. ഗ്ലാമര്‍ വേഷത്തില്‍ അന്യഭാഷയില്‍ തിളങ്ങുന്ന അഖിലയെയും ശ്രേയ റെഡ്ഢിയെയും ഗായത്രി ജയറാമിനെയും പോലുള്ള നിടമാരാണ് മലയാളത്തില്‍ പൊലീസ് വേഷം നടിക്കുന്നത്. നായകന്‍ ആക്ഷന്‍ വേഷത്തിലാണെങ്കില്‍ കാക്കി വേഷത്തില്‍ ചീറുന്ന ഒരു നടിയെയും സിനിമയില്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications