നയന്‍താരയുടെ ലക്ഷ്മി മലയാളത്തിലും
നയന്‍താര ഒടുവിലായി അഭിനയിച്ച മലയാള ചിത്രം രാപ്പകല്‍ ആണ്. രാപ്പകലിനു ശേഷം ഒരു മലയാള ചിത്രവും നയന്‍താരയുടേതായി പുറത്തിറങ്ങിയിട്ടില്ല. എങ്കിലും നയന്റെ തമിഴ് ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നയന്റെ തെലുങ്ക് ചിത്രവും മൊഴിമാറ്റത്തോടെ കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു.
മീരാ ജാസ്മിന്റെ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റം നടത്തി കേരളത്തിലും റിലീസ് ചെയ്തിട്ടുണ്ട്. മീരാ ജാസ്മിന്റെ ജനപ്രീതി കണക്കിലെടുത്താണ് ഈ ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയത്. ഇപ്പോള്‍ മലയാളം അന്യഭാഷകള്‍ക്കു സമ്മാനിച്ച ഗ്ലാമര്‍ താരമായ നയന്‍താരയുടെ ചിത്രവും മൊഴിമാറ്റി കേരളത്തിലെത്തുകയാണ്.
നയന്‍താരയുടെ ഗ്ലാമര്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഗാനരംഗങ്ങളില്‍ മേനിയുടെ സമൃദ്ധി തുറന്നുകാട്ടുന്ന ചടുലചലനങ്ങളുമായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിനായി ഗ്ലാമര്‍ കാട്ടുന്നതിന് ഉയര്‍ന്ന പ്രതിഫലമാണ് നയന്‍താര വാങ്ങിയത്.
വെങ്കിടേഷാണ് ചിത്രത്തിലെ നായകന്‍. വെങ്കിടേഷ് അവതരിപ്പിക്കുന്ന ലക്ഷ്മി നാരായണസ്വാമിയുടെ കാമുകി നന്ദിനിയായാണ് നയന്‍താര വേഷമിടുന്നത്.
ലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ലക്ഷ്മി നാരായണന്‍. കമ്പനിയുടെ മാനേജര്‍ ജനാര്‍ദനന്‍ എംഡിയുടെ കണ്ണില്‍ പെടാതെ വന്‍ വെട്ടിപ്പ് നടത്തി. സെക്രട്ടറിയുടെ സഹായത്തോടെ ഈ തട്ടിപ്പ് കണ്ടു പിടിച്ച ലക്ഷ്മി ജനാര്‍ദനനെ കമ്പനിയില്‍ നിന്ന് പുറത്താക്കി.
ദുബായിലെത്തിയ ജനാര്‍ദനന്‍ അവിടെ നിന്ന് തിരിച്ചെത്തിയത് കോടീശ്വരനായാണ്. ലക്ഷ്മിയുടെ അനുജനെ തന്റെ വശത്തേക്കു കൊണ്ടുവന്ന ജനാര്‍ദനന്‍ അതുവഴി ലക്ഷ്മിയെ തകര്‍ക്കാനൊരുങ്ങുന്നു. ജനാര്‍ദനന്റെ കുരുട്ടുബുദ്ധി മൂലം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നത് നന്ദിനിക്കാണ്.
ന്യൂസിലാന്റ്, മൗറീഷ്യസ്, ദുബായി എന്നിവിടങ്ങളിലായാണ് ചിത്രത്തിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ഗാനങ്ങളെഴുതിയത് രാജീവ് ആലുങ്കലാണ്. ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, എം.ജി.ശ്രീകുമാര്‍, അഫ്സല്‍, അനൂപ്, ബിജു നാരായണന്‍, മഞ്ജരി, ജ്യോത്സ്യന, റിമി ടോമി, അമൃത എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.


Click it and Unblock the Notifications