പുതുമുഖങ്ങളുമായി ജയരാജ്
പുതുമുഖങ്ങളുമായി ജയരാജ്
നവമ്പര്‍ 03, 2003
തിളക്കത്തിന് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ഫോര്‍ ദി പീപ്പിളില്‍ പുതുമുഖങ്ങളുടെ ഒരു നിരയെ പരിചയപ്പെടുത്തുന്നു.
ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ജയരാജ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഭരത്, അര്‍ജുന്‍, അരുണ്‍, പത്മകുമാര്‍, സുനില്‍ മേനോന്‍, സക്കറിയ, കെ. കെ. ജേക്കബ്, നന്ദ പൊതുവാള്‍, ജിമ്മി എന്നീ പുതുമുഖങ്ങളാണ് അരങ്ങേറുന്നത്. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗോപികയാണ് ചിത്രത്തിലെ നായിക.
ദിലീപ് നായകനായ തിളക്കത്തിന്റെ വന്‍വിജയത്തിന് ശേഷം കച്ചവടസിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്ത് ജയരാജ് ഒരുക്കുന്ന ചിത്രമാണ് ഫോര്‍ ദി പീപ്പിള്‍. ജയരാജിന്റെ സിനിമകളില്‍ ഏറ്റവും വിലയ വിജയം കൊയ്ത ചിത്രമാണ് തിളക്കം.
ജയരാജിന്റേതു തന്നെയാണ് കഥ. കമല്‍ ചിത്രങ്ങളായ ഗ്രാമഫോണ്‍, സ്വപ്നക്കൂട് എന്നിവയ്ക്ക് തിരക്കഥ രചിച്ച ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഫോര്‍ ദി പീപ്പിളിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.
ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് കൈതപ്രം. പുതുമഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിലൂടെ ജാനി ഗിഫ്റ്റ് എന്ന നവാഗത സംഗീതസംവിധായകനെ കൂടി ജയരാജ് പരിചയപ്പെടുത്തുന്നു. ഛായാഗ്രഹണം രാജശേഖര്‍. ആനന്ദഭൈരവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാബു ചെറിയാന്‍ കോതമംഗലമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications